ചെന്നൈ: തന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം സ്ത്രീകളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്ത്രീകള്‍ക്കെതിരായ അശ്ലീല പദപ്രയോഗങ്ങളോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും വിജയ് പറഞ്ഞു.
‘അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് നമ്മള്‍ ആത്മപരിശോധന നടത്തണം. ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലര്‍ ദ്വയാര്‍ഥത്തില്‍ സംസാരിക്കുന്നത് ജനം കാണുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടെന്നുമാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ അവഹേളിച്ചാല്‍ ശക്തമായ നടപടിയെടുക്കും,’ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പൊലീസിനെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജന്‍സിയായി മാത്രം കാണരുതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാന പാലനം അത്യാവശ്യമാണെന്നും വിജയ് പറഞ്ഞു.
പൊലീസിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഇടപെടാന്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃഷക്കെതിരായ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്യുകയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുമായിരുന്നു.
Content Highlight: Derogatory remarks against women will not be tolerated; Vijay speaks out following the Trisha controversy.