| Tuesday, 17th November 2026, 9:06 am

സ്ത്രീകൾക്കെതിരായ മോശം പരാമർശങ്ങൾ; വിധികൾ പ്രത്യേകം പരിശോധിക്കണം; ഹൈക്കോടതിയോട് സുപ്രീം കോടതി

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: സ്ത്രീകൾക്കെതിരെയുള്ള മോശവും മുൻവിധിയോടെയുമുള്ള പരാമർശങ്ങളിൽ പ്രത്യേക പരിശോധന നടത്തണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി സുപ്രീം കോടതി.

ഹൈക്കോടതികൾ വിധികളിലെ ഭാഷകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്‌ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്.

ജൂലൈ 9ന് പട്ന ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഈ നടപടി.

2008 ലെ ഒരു കേസിൽ പ്രതിയായ ഹിമാൻഷു പഥക്കിന്റെ ബലാത്സംഗശ്രമത്തിനുള്ള ശിക്ഷ റദാക്കി. യുവതിയുടെ ഷാൾ അഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ പിടിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമായി കാണാൻ കഴിയില്ലെന്നായിരുന്നു പട്ന ഹൈക്കോടതിയുടെ നിരീക്ഷണം.

ഇതിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസടുക്കുകയും കോടതി വിധികളിലെ ഇത്തരം പരാമർശങ്ങൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു സ്ത്രീയുടെ ജീവിതശൈലി, സ്വഭാവം, വസ്ത്രധാരണം എന്നിവയെക്കുറിച്ച് വിധികളിൽ ഒരു പരാമർശങ്ങളും ഉണ്ടായിരിക്കരുത് കോടതി പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടെങ്കിൽ ഹൈക്കോടതികൾ സ്വമേധയാ കേസെടുക്കുകയും അവ വിധിന്യായങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള സംവിധാനം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

‘ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ തെറ്റായ ധാരണകൾ പരത്തുന്നു. വിധിന്യായങ്ങൾ നിയമത്തിലും വസ്തുതകളിലും മാത്രം ഒതുങ്ങി നിൽക്കണം. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ മുൻപും കോടതി നീക്കം ചെയ്തിട്ടുണ്ട്.’ കോടതി പറഞ്ഞു.

Content Highlight: Derogatory remarks against women; judgments must be specifically examined, Supreme Court tells High Court.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more