| Sunday, 27th July 2025, 5:18 pm

ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താറിനാണ് സസ്പെന്‍ഷന്‍. വകുപ്പിനെ പ്രതികൂട്ടില്‍ നിര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ചയായിരുന്നു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.

ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ടവര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

ജയില്‍ ചാടി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതി ജയില്‍ ചാടിയെന്ന വിവരം പൊലീസ് അറിയുന്നത്. അതേസമയം ഗോവിന്ദച്ചാമി ജയില്‍ ചാടിയ സമയവുമായി ബന്ധപ്പെട്ട് രണ്ട് വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുലര്‍ച്ചെ ഒന്നേ കാലോടെയാണ് ജയില്‍ ചാടിയതെന്നാണ് ഒരു വാദം. 4.15നാണെന്നാണ് മറ്റൊരു വാദം. ഒന്നേ കാലിനാണ് ചാര്‍ളി തോമസ് എന്ന ഗോവിന്ദച്ചാമി ജയില്‍ ചാടിയതെങ്കില്‍ അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് വിവരം അറിഞ്ഞത്.

പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞനാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കെട്ടിടത്തിലെ കിണറ്റില്‍ നിന്ന് ഇയാളെ പിടികൂടി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥാനായ ഉണ്ണിയാണ് കിണറ്റിനുള്ളില്‍ ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത്.

ഒന്നര മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാട്ടം. ഒരു മാസം മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 ഡി ബ്ലോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ ബി ബ്ലോക്കിലേക്ക് മാറ്റിയത്. എന്നാല്‍ അതീവ സുരക്ഷയുള്ള ജയിലിന്റെ സെല്ലിലെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.

നിലവില്‍ ജയില്‍ ചാടിയതിന് ശേഷം പിടിയിലായ ഗോവിന്ദച്ചാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണ് ജയില്‍ ചാടിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് (ഞായർ) മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

Content Highlight: Deputy Prison Officer suspended for responding to media regarding Govinda Chamy’s jailbreak

We use cookies to give you the best possible experience. Learn more