| Monday, 13th October 2025, 9:39 am

വിഷാദം വെറുതെയിരിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലല്ല; അതൊരു ക്ലിനിക്കൽ രോ​​ഗം; കൃഷ്ണപ്രഭയ്ക്ക് മറുപടിയുമായി മനോജ് വെള്ളനാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാനസികാരോഗ്യത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നടി കൃഷ്ണപ്രഭയെ വിമർശിച്ച് ഡോക്ടർ മനോജ് വെള്ളനാട്.

സെലിബ്രിറ്റി ആയതുകൊണ്ട് അവർ എന്തു പറഞ്ഞാലും സത്യമാകാൻ സാധ്യതയുണ്ടെന്നും ചില പണിയില്ലാത്ത വിഷാദ രോഗികളെ പരിചയപ്പെടാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗായികയും നടിയുമായ ലേഡി ഗാഗ താൻ ജീവിതകാലം മുഴുവൻ വിഷാദത്തിലൂടെയും ഉത്കണ്ഠയിലൂടെയും (anxiety) കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഡ്വെയ്ൻ ജോൺസൺ
തന്റെ വിഷാദാവസ്ഥയെക്കുറിച്ച് തുറന്നു സംസാരിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുവെന്നും മനോജ് പറയുന്നു.

വിഷാദം എന്നത് ഒരു മാനസികാവസ്ഥയോ, വെറുതെയിരിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലോ അല്ലെന്നും തലച്ചോറിലെ രാസമാറ്റങ്ങൾ കാരണം ഉണ്ടാകുന്ന ഒരു ക്ലിനിക്കൽ രോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രസ്താവനകൾ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഈ അപമാനഭീതി വ‍ർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷാദരോഗം ധനികരെന്നോ, ദരിദ്രരെന്നോ, തിരക്കുള്ളവരെന്നോ, ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ ആരെയും ബാധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പണിയൊന്നുമില്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ഡിപ്രഷൻ ഉണ്ടാവുന്നതെന്നാണ് കൃഷ്ണപ്രഭ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആളുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുമെങ്കിലും ‘പഴയ വട്ട്’ തന്നെയാണ് അതെന്നും ഇപ്പോഴതിന് ഡിപ്രഷനെന്ന് പേരിട്ടിരിക്കുകയാണെന്നും കൃഷ്ണപ്രഭ പറഞ്ഞിരുന്നു.

മനോജ് വെള്ളനാടിന്റെ പോസ്റ്റിന്റെ പൂർണരൂപം,

ഒരു പണിയും ഇല്ലാത്തവരുടെ വെറും തോന്നലാണ് വിഷാദം എന്നാണ് നടി കൃഷ്‌ണപ്രഭ പറഞ്ഞത്. സെലിബ്രിറ്റി ആയതുകൊണ്ട് അവർ എന്തുപറഞ്ഞാലും സത്യമാകാൻ സാധ്യതയുണ്ട്. എന്നാൽ പിന്നെ ചില പണിയില്ലാത്ത വിഷാദ രോഗികളെ പരിചയപ്പെടാം.

1. ലേഡി ഗാഗ: ഗായികയും നടിയുമായ ലേഡി ഗാഗ താൻ ജീവിതകാലം മുഴുവൻ വിഷാദത്തിലൂടെയും ഉത്കണ്ഠയിലൂടെയും (anxiety) കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

2. ഡ്വെയ്ൻ ജോൺസൺ : ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഇദ്ദേഹം തൻ്റെ വിഷാദാവസ്ഥയെക്കുറിച്ച് തുറന്നു സംസാരിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.

3. സെലീന ഗോമസ്: ഗായികയും നടിയുമായ സെലീന ഗോമസ് തൻ്റെ വിഷാദത്തെക്കുറിച്ചും ഉത്കണ്ഠയെക്കുറിച്ചും പരസ്യമായി സംസാരിക്കുകയും ആ യാത്ര ശരിക്കും ഒരു യുദ്ധം തന്നെ ആയിരുന്നെന്നും പറഞ്ഞിട്ടുണ്ട്.

4. പ്രിൻസ് ഹാരി: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരൻ അമ്മയുടെ മരണശേഷം താൻ അനുഭവിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും വിഷാദത്തെക്കുറിച്ചും തെറാപ്പിയെക്കുറിച്ചും തുറന്നു സംസാരിച്ചിട്ടുണ്ട്.

5. മൈക്കിൾ ഫെൽപ്സ്: ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകൾ നേടിയ താരമാണ് ഫെൽപ്സ്. തൻ്റെ കരിയറിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴും താൻ കടുത്ത വിഷാദത്തിലൂടെയും ഉത്കണ്ഠയിലൂടെയും കടന്നുപോയെന്നും ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ശരിയായ ചികിത്സയാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

6. ദീപിക പദുകോൺ: ബോളിവുഡ് നടി ദീപിക പദുകോൺ തനിക്ക് വിഷാദരോഗം വന്നതിനെക്കുറിച്ചും ചികിത്സ തേടിയതിനെക്കുറിച്ചും തുറന്നു പറയുക മാത്രമല്ല, ‘Live Love Laugh’ എന്ന ഒരു സംഘടന സ്ഥാപിക്കുകയും ചെയ്തത് മാനസികാരോഗ്യ അവബോധ രംഗത്തെ ഒരു വലിയ മുന്നേറ്റമായിരുന്നു.

7. ഷാഹിദ് കപൂർ: നടൻ ഷാഹിദ് കപൂറും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും വിഷാദത്തിലൂടെയും കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

8. അനുഷ്ക ശർമ്മ: നടി അനുഷ്ക ശർമ്മ തനിക്ക് ഉത്കണ്ഠാ രോഗം ഉണ്ടെന്ന് തുറന്ന് പറയുകയും മാനസികാരോഗ്യ പ്രശ്‌നങ്ങൾ ശാരീരിക രോഗങ്ങൾ പോലെ സാധാരണമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

9. സനുഷ: മലയാള നടി സനുഷ ലോക്ക്ഡൗൺ കാലത്ത് താൻ അനുഭവിച്ച കടുത്ത ഉത്കണ്ഠയെക്കുറിച്ചും വിഷാദത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയുണ്ടായി. വിഷാദം ആത്മഹത്യാ ചിന്തകളിലേക്ക് വരെ നയിച്ച സമയത്ത്, സഹായം തേടാൻ തീരുമാനിക്കുകയായിരുന്നു. വിഷാദരോഗം വന്നവർ സഹായം ചോദിക്കാൻ ഒരിക്കലും മടിക്കരുത് എന്നും അവരന്ന് പറഞ്ഞത് ഓർമയുണ്ട്.

10. അഞ്ജു ജോസഫ് : ഗായികയായ അഞ്ജു ജോസഫ് താൻ ക്ലിനിക്കൽ ഡിപ്രഷനിലൂടെയും ഉത്കണ്ഠയിലൂടെയും കടന്നുപോയതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

റാൻഡമായി കുറച്ച് പേരുകൾ പറഞ്ഞു എന്നുമാത്രം. ഇവർ മാത്രമല്ല വിരാട് കോഹ്‌ലി, ജിം കാരി, കാരി ഫിഷർ, അമലാ പോൾ, അഭിനവ് ബിന്ദ്ര, ജെ കെ റൗളിംഗ്,ആലിയ ഭട്ട്, റൺദീപ് ഹൂഡ തുടങ്ങി നിരവധി പണിയില്ലാത്തവർ തങ്ങളുടെ വിഷാദത്തെ പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്.

സെലിബ്രിറ്റികൾ മാത്രമല്ല ജീവിതത്തിൻ്റെ എല്ലാ തുറയിലുള്ള മനുഷ്യരിലും ഇതിലൂടെ കടന്നു പോയവർ ധാരാളം. വിഷാദം എന്നത് ഒരു മാനസികാവസ്ഥയോ, വെറുതെയിരിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലോ അല്ല. ഇത് തലച്ചോറിലെ രാസമാറ്റങ്ങൾ കാരണം ഉണ്ടാകുന്ന ഒരു ക്ലിനിക്കൽ രോഗമാണ്. വിഷാദരോഗം ധനികരെന്നോ, ദരിദ്രരെന്നോ, തിരക്കുള്ളവരെന്നോ, ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ ആരെയും ബാധിക്കാം. അല്ലെങ്കിലേ മാനസികരോഗം എന്നാൽ നാട്ടിൽ സ്‌റ്റിഗ്മയാണ്.

ഇത്തരം പ്രസ്താവനകൾ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഈ അപമാനഭീതി (Stigma) വർധിപ്പിക്കുകയേ ഉള്ളൂ. ഒപ്പം ഇത് അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവരെ അപമാനിക്കുന്നത് കൂടിയാണ്.

മാത്രമല്ല വിഷാദം അനുഭവിക്കുന്ന ഒരാൾക്ക് ഇത് കേൾക്കുമ്പോൾ, തൻ്റെ രോഗം ഒരു ‘തോന്നൽ’ മാത്രമാണെന്ന് കരുതി ചികിത്സ തേടാൻ മടി തോന്നാം. രോഗം കൂടുതൽ മൂർച്ഛിക്കുകയും ചെയ്യാം. ഇത് ആത്മഹത്യാ പ്രവണത പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
എന്തായാലും ശ്രീനിവാസൻ്റെ സിംഹാസനം അങ്ങനെ ഒഴിഞ്ഞ് കിടക്കാൻ നമ്മുടെ സിനിമാക്കാർ സമ്മതിക്കില്ല എന്നുറപ്പായി

Content Highlight: Depression is not a feeling that occurs when you are idle says Manoj Vellanad

We use cookies to give you the best possible experience. Learn more