| Sunday, 8th February 2026, 8:13 am

നിക്ഷേപ പണം തട്ടിപ്പും ശബരിമല സ്വര്‍ണ തട്ടിപ്പും; ആന്റോ ആന്റണിക്ക് ഇ.ഡിയുടെ കുരുക്ക് വരുന്നു; റിപ്പോര്‍ട്ട്

അനിത സി

തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ആന്റോ ആന്റണി എം.പിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എം.പിക്ക് നോട്ടീസ് അയക്കും.

ശബരിമല സ്വര്‍ണതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും ആന്റോ ആന്റണിക്കെതിരെ അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നെടുംപറമ്പില്‍ ഫിനാന്‍സിലെ കോടികളുടെ തട്ടിപ്പുകളെ കുറിച്ച് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ രണ്ട് കോടി രൂപ ആന്റോ ആന്റണി എം.പിക്ക് കൈമാറിയതായും കണ്ടെത്തി.

നെടുംപറമ്പില്‍ ഫിനാന്‍സ് നടത്തിയ നിക്ഷേപ തട്ടിപ്പിലെ പണമാണ് ആന്റോ ആന്റണിക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, തനിക്ക് നിക്ഷേപ തട്ടിപ്പില്‍ പങ്കില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച സഹായമായിരുന്നു രണ്ട് കോടി രൂപയെന്നും രണ്ട് മാസം കഴിഞ്ഞപ്പോള്‍ പണം തിരികെ നല്‍കിയെന്നും ആരോപണങ്ങളോട് ആന്റോ ആന്റണി പ്രതികരിച്ചിരുന്നു.

പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം രാജുവിനോട് ആന്റോ ആന്റണി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, പണം നല്‍കി ഏഴ് വര്‍ഷം പിന്നിട്ടിട്ടും 20 ലക്ഷം മാത്രമാണ് തിരികെ ലഭിച്ചതെന്ന് എന്‍.എം രാജു ആരോപിച്ചിരുന്നു.

സ്വര്‍ണ തട്ടിപ്പ് കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവര്‍ നെടുംപറമ്പില്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുള്ള വിശദീകരണവുമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഫിനാന്‍സ് ഉടമ ആന്റോ ആന്റണി എം.പിക്കെതിരെ ആരോപണങ്ങളുന്നയിച്ചത്.

നേരത്തെ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച വേളയിലെടുത്ത ചിത്രത്തില്‍ ആന്റോ ആന്റണി എം.പിയും ഉള്‍പ്പെട്ടിരുന്നു. പോറ്റിയെ സോണിയ ഗാന്ധിക്കരികില്‍ എത്തിച്ചത് എം.പിയാണെന്നാണ് ആരോപണം. ഇതോടെ സ്വര്‍ണ തട്ടിപ്പില്‍ ആന്റോ ആന്റണിക്കും പങ്കുണ്ടെന്ന സൂചനകള്‍ ശക്തമായി.

ഇതിനിടെ, ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്ത ആന്റോ ആന്റണി എല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും ഇ.ഡി വരട്ടെ അപ്പോള്‍ നോക്കാമെന്നും പ്രതികരിച്ചു.

Content Highlight: Deposit money fraud and Sabarimala gold fraud; Anto Antony faces ED probe; Report

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more