| Thursday, 26th June 2025, 4:23 pm

പുതിയ മിഷനുകള്‍ക്കായുള്ള വഴി തുറന്നിടാന്‍ സമയമായി, ജെയിംസ് ബോണ്ട് സിനിമകള്‍ക്ക് ഇനി പുതിയ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെങ്ങും ആരാധകരുള്ള സിനിമാ സീരീസുകളിലൊന്നാണ് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍. ഇയാന്‍ ഫ്‌ളെമിങ്ങിന്റെ സൃഷ്ടിയില്‍ പിറന്ന ഈ സാങ്കല്പിക കഥാപാത്രം നോവലുകളിലൂടെയും സിനിമകളിലൂടെയും ലോകമെങ്ങും പ്രശസ്തി നേടി. 007 എന്ന കോഡ് നെയിമും ഒപ്പം ഐക്കോണിക് ബി.ജി.എമ്മും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്.

1962ലാണ് ആദ്യത്തെ ബോണ്ട് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. 63 വര്‍ഷത്തെ കാലയളവില്‍ 27 സിനിമകളാണ് ജെയിംസ് ബോണ്ടിനെ നായകനാക്കി ഒരുങ്ങിയത്. 13 സംവിധായകരാണ് ജെയിംസ് ബോണ്ടിനെ ക്യാമറയില്‍ പകര്‍ത്തിയത്. എട്ട് നടന്മാര്‍ ഇതുവരെ ബോണ്ടിന്‍രെ വേഷത്തില്‍ ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

സീരീസിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കുമെന്ന് പല തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ചുകാലമായി സിനിമാലോകത്ത് നടന്നുവരികയായിരുന്നു. നോ ടൈം ടു ഡൈക്ക് ശേഷം പുതിയ സിനിമകളൊന്നു അനൗണ്‍സ് ചെയ്യാത്തത് സംവിധായകനെ ലഭിക്കാത്തതിനാലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിന്റെ സംവിധായകനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹോളിവുഡിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഡെന്നിസ് വില്ലന്യൂവാണ് അടുത്ത ബോണ്ട് ചിത്രത്തിന്റെ സംവിധായകന്‍. അറൈവല്‍, ഇന്‍സെന്‍ഡീസ്, ഡ്യൂണ്‍ സീരിസ് തുടങ്ങിയ ക്ലാസ് സിനിമകള്‍ ഒരുക്കിയ ഡെന്നിസ് ജെയിംസ് ബോണ്ടിനെ അതിമനോഹരമായി ചിത്രീകരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തില്‍ നായകനാകുന്നത് ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 2027ല്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിക്കാലത്ത് അച്ഛനോടൊപ്പം ഒരുപാട് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഡെന്നിസ് വില്ലന്യു പറയുന്നു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാനാണ് തന്റെ ഉദ്ദേശമെന്നും പുതിയ മിഷനുകള്‍ക്കായി വഴികള്‍ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിലാണ് ഡെന്നിസ് ഇക്കാര്യം പറഞ്ഞത്.

അനൗണ്‍സ്മെന്റിന് മുമ്പ് സംവിധായകന്റെ സ്ഥാനത്ത് പല പേരുകളും കേട്ടിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍, റിഡ്‌ലി സ്‌കോട്ട്, ഡേവിഡ് ഫിഞ്ചര്‍ എന്നിവയായിരുന്നു ഉയര്‍ന്നുകേട്ട പ്രധാന പേരുകള്‍. ഡാനിയല്‍ ക്രെയ്ഗ് ഒഴിഞ്ഞുവെച്ച നായകവേഷം ആര് ഏറ്റെടുക്കുമെന്ന കാര്യത്തിലും ചര്‍ച്ചകളുണ്ട്. ക്രിസ്റ്റ്യന്‍ ബെയ്‌ലിന്റെ പേരിനാണ് പലരും പ്രാധാന്യം നല്‍കുന്നത്.

Content Highlight: Dennis Villeneuve is the new director of upcoming James Bond movies

We use cookies to give you the best possible experience. Learn more