| Thursday, 15th December 2016, 6:14 pm

ജനങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ട്; നോട്ട് നിരോധനത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആഴ്ചയില്‍ 24,000 രൂപ പിന്‍വലിയ്ക്കാമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടെങ്കിലും പല ബാങ്കുകളില്‍നിന്നും രണ്ടായിരമോ മൂവായിരമോ രൂപ മാത്രമാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.


ന്യൂദല്‍ഹി: നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് പുതിയ നോട്ടുകള്‍ പലയിടങ്ങളില്‍നിന്നായി പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍, ജനങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

നിരോധനം വന്ന ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച തരത്തിലുള്ള തുക ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ 24,000 രൂപ പിന്‍വലിയ്ക്കാമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടെങ്കിലും പല ബാങ്കുകളില്‍നിന്നും രണ്ടായിരമോ മൂവായിരമോ രൂപ മാത്രമാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

പ്രഖ്യാപിച്ച തുക നല്‍കാത്തതില്‍ ബാങ്ക് മാനേജര്‍മാരെ കുറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്.


നേരത്തെ ഈ മാസം 9ന് നോട്ട് അസാധുവാക്കലിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴും കേന്ദ്രത്തെ കോടതി വിമര്‍ശിച്ചിരുന്നു. നോട്ട് പിന്‍വലിക്കുന്നതിനുള്ള ആര്‍.ബി.ഐ നിയമങ്ങള്‍ കേന്ദ്രം പാലിച്ചിട്ടുണ്ടോയെന്നും നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൗലികാവകാശത്തിന്റെ ലംഘനമല്ലേയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

നോട്ട് അസാധുവാക്കല്‍ തീരുമാനമെടുത്തത് തീര്‍ത്തും രഹസ്യമായിട്ടായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിന്? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു കോടതി സര്‍ക്കാരിനോട് ചോദിച്ചത്.


കൂടാതെ സഹകരണ ബാങ്കുകളില്‍ ഉപാധികളോടെ പഴയ നോട്ട് സ്വീകരിക്കാമോ? ബാങ്കില്‍ നിന്ന് 24,000 രൂപ തികച്ച് കിട്ടാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കേണ്ട കുറഞ്ഞ തുക നിശ്ചയിക്കാമോ? ആശുപത്രികളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ട സമയ പരിധി നീട്ടാമോ? എന്നീ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more