| Tuesday, 9th September 2025, 5:17 pm

ഐമാക്‌സില്‍ പുലര്‍ച്ചെ അഞ്ചരയുടെ ഷോ വരെ സോള്‍ഡ് ഔട്ട്, ഇന്ത്യയില്‍ പ്രീ സെയിലിലൂടെ മാത്രം 15 കോടി നേടി ജാപ്പനീസ് അനിമേ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല സിനിമകളെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും പ്രശ്‌നമല്ലെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പല ഹോളിവുഡ് ചിത്രങ്ങളും ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പ്രവണതയും ഈയിടെ കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ച ഒരു ജാപ്പനീസ് അനിമേ ചിത്രമാണ്.

ലോകമെമ്പാടും ആരാധകരുള്ള അനിമേ സീരീസായ ഡീമണ്‍ സ്ലേയര്‍: കിമെറ്റ്‌സു നോ യൈബയുടെ പുതിയ ഭാഗം സിനിമാരൂപത്തില്‍ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തി. ജപ്പാനിലെ സകല കളക്ഷന്‍ റെക്കോഡും തകര്‍ത്ത ചിത്രം ഏഷ്യയില്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മാത്രം റിലീസിനെത്തുന്ന വാര്‍ത്ത സിനിമാപ്രേമികളെ സന്തോഷിപ്പിച്ചിരുന്നു.

സെപ്റ്റംബര്‍ 12ന് ചിത്രം ഇന്ത്യയിലും പ്രദര്‍ശനത്തിനെത്തുകയാണ്. അടുത്തിടെ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ്. ഐമാക്‌സ് ഫോര്‍മാറ്റിലടക്കം ചിത്രം പ്രദര്‍ശനത്തിനെത്തും. ഇംഗ്ലീഷ് പതിപ്പിനൊപ്പം ജാപ്പനീസ് പതിപ്പും തിയേറ്ററുകളിലെത്തുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സെന്ററുകളിലും ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിയുകയാണ്.

പല ഐമാക്‌സ് സ്‌ക്രീനുകളിലും എല്ലാ ഷോയുടെയും ടിക്കറ്റ് വിറ്റുതീര്‍ന്നു. ഒടുവില്‍ പുലര്‍ച്ചെ അഞ്ചരക്കും ഷോ ചാര്‍ട്ട് ചെയ്യേണ്ടി വന്നു. കേരളത്തിലടക്കം അഞ്ചരയുടെ ഷോ സോള്‍ഡ് ഔട്ടായിരിക്കുകയാണ്. പ്രീ സെയിലിലൂടെ മാത്രം ഇതിനോടകം 15 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആദ്യദിനം 30 കോടിക്കു മുകളില്‍ ചിത്രം കളക്ട് ചെയ്യുമെന്നാണ് കരുതുന്നത്.

2016 മുതല്‍ 2020 വരെ സ്ട്രീം ചെയ്ത സീരിസ് പിന്നീട് സിനിമാരൂപത്തിലേക്ക് മാറുകയായിരുന്നു. ആദ്യ സീസണിന്റെ അവസാന എപ്പിസോഡിനെ ആധാരമാക്കിയാണ് ആദ്യത്തെ ഡീമണ്‍ സ്ലേയര്‍ മൂവി പ്രദര്‍ശനത്തിനെത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഡീമണ്‍ സ്ലേയര്‍: ഇന്‍ഫിനിറ്റി കാസില്‍ ഒരുങ്ങിയത്. ജൂലൈ 18ന് ജപ്പാനില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 298 മില്യണ്‍ സ്വന്തമാക്കി.

ഏഷ്യന്‍ റിലീസിനൊപ്പം ഹോളിവുഡിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എല്ലാം ഒത്തു വന്നാല്‍ ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമായി ഡീമണ്‍ സ്ലേയര്‍ മാറുമെന്ന് കരുതുന്നു. മാന്‍ഡറിന്‍ ചിത്രം നെഴ 2വാണ് നിലവില്‍ 2025ലെ ഏറ്റവുമയുര്‍ന്ന കളക്ഷന്‍ നേടിയത്. 2.1 ബില്യണാണ് ചിത്രം സ്വന്തമാക്കിയത്.

Content Highlight: Demon Slayer movie collected more than 15 crore only through pre sales

We use cookies to give you the best possible experience. Learn more