| Tuesday, 26th August 2025, 5:44 pm

അതിര്‍ത്തി പ്രദേശങ്ങളില്‍ ജനസംഖ്യാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ബോധപൂര്‍വം; ചില ലക്ഷ്യങ്ങളുണ്ട്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ള ആസൂത്രണത്തിന്റെ ഭാഗമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തികളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഭൗമപരമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് കരുതരുതെന്നും, ഇത് ബോധപൂര്‍വമായ ഒരു ആസൂത്രണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി ജില്ലകളിലെ കളക്ടര്‍മാരോട് അനധികൃത- മതപരമായ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും അമിത് ഷാ ആവശ്യപ്പെട്ടു. കയ്യേറ്റങ്ങള്‍ ബോധപൂര്‍വമായ ഒരു രൂപകല്‍പ്പനയുടെ ഭാഗമാണെന്ന് അമിത് ഷാ പറഞ്ഞു.

അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞത് 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ അനധികൃത കയ്യേറ്റങ്ങളും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ഈ വിഷയത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കടല്‍, കര അതിര്‍ത്തികളിലെ നിരവധി കയ്യേറ്റങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയുക, അതിര്‍ത്തി ഗ്രാമങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ നൂറുശതമാനം പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വി.വി.പിക്ക് കീഴിലുള്ള ഗ്രാമങ്ങളെ അതിര്‍ത്തിയും ദേശീയ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കുക എന്നിവയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അമിത് ഷാ പറഞ്ഞു.

വി.വി.പിയെ ഒരു സര്‍ക്കാര്‍ പദ്ധതിയായി മാത്രം ഒതുക്കാതെ ഭരണപരമായ ഒരു ദൗത്യമാക്കി മാറ്റാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി ടൂറിസം, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ വികസിപ്പിക്കാനും ജില്ലാ കളക്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഹോം സ്റ്റേകള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പുകള്‍ സഹായം നല്‍കിയാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഒരു വീടും ഒഴിഞ്ഞുകിടക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിര്‍ത്തികളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

2023-ല്‍ ആരംഭിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘വൈബ്രന്റ് വില്ലേജ് പ്രോഗ്രാം’, രാജ്യത്തിന്റെ വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളുടെ സമഗ്ര വികസനത്തെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ കവാടങ്ങളായി അതിര്‍ത്തി ഗ്രാമങ്ങളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതിയെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍, കേന്ദ്ര സായുധ പൊലീസ് സേനകള്‍, സൈന്യം എന്നിവയുടെ ഏകോപനം പദ്ധതിയ്ക്ക് ആവശ്യമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെയും നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളിലെയും ജനങ്ങളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും മന്ത്രി അമിത് ഷാ പറഞ്ഞു.

Content Highlight: Demographic changes in border areas a ‘deliberate design’: Amit Shah

We use cookies to give you the best possible experience. Learn more