| Friday, 7th November 2025, 12:47 pm

ട്രംപ് വെനസ്വേലയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച് ഡെമോക്രാറ്റ്‌സിന്റെ പ്രമേയം; സെനറ്റില്‍ വോട്ടിനിട്ട് തള്ളി റിപ്പബ്ലിക്കന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെനസ്വേലയെ ആക്രമിക്കുന്നതില്‍ നിന്നും തടയുന്ന പ്രമേയം യു.എസ് സെനറ്റില്‍ പരാജയപ്പെട്ടു. ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയം 51ന് എതിരെ 49 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

യു.എസ് പ്രസിന്റിന് വെനസ്വേലയെ ആക്രമിക്കണമെങ്കില്‍ മുന്‍കൂട്ടി കോണ്‍ഗ്രസിന്റെ അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കുന്ന ‘യുദ്ധശക്തി’ പ്രമേയമാണ് പരാജയപ്പെട്ടത്.

വോട്ടെടുപ്പില്‍ രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചുവെങ്കിലും സെനറ്റില്‍ പാസാകാനുള്ള വോട്ട് നേടാനായില്ല.

‘കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ യു.എസ് യുദ്ധത്തിന് പോകരുത്,’ ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ന്‍ ഒരു പ്രമേയം അവതരിപ്പിച്ചതിന് ശേഷം നടന്ന പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം, ദക്ഷിണ അമേരിക്കന്‍ തീരങ്ങളില്‍ യു.എസ് സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്.

നിക്കോളാസ് മഡൂറോ

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പുറത്താക്കാനായുള്ള നീക്കങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ സൈനിക വിന്യാസം. യു.എസ് വെനസ്വേലയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

തങ്ങള്‍ക്ക് ഭീഷണിയായ മയക്കുമരുന്ന് കടത്തിന് മഡൂറോയുടെ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നാണ് യു.എസിന്റെ ആരോപണം.

ഇതിനെതിരെയുള്ള നടപടിയെന്ന പേരില്‍ കരീബിയന്‍ തീരത്ത് ഒരു ആണവ അന്തര്‍വാഹിനിയും നൂതന വിമാനവാഹിനി കപ്പലും നിരവധി യുദ്ധക്കപ്പലുകളും യു.എസ് വിന്യസിച്ചിരിക്കുകയാണ്.

വെനസ്വേലയുടെയും കൊളംബിയയുടെയും അന്താരാഷ്ട്ര ജലത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ മാസം മുതല്‍ യു.എസ് നടത്തിയ ആക്രമണങ്ങളില്‍ 65 പേരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ചാണ് യു.എസിന്റെ ആക്രമണങ്ങള്‍.

എന്നാല്‍, ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ യു.എസ് പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്ന് കടത്തുകാരല്ല കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണെന്ന് ലാറ്റിനമേരിക്കന്‍ നേതാക്കളും കോണ്‍ഗ്രസ് അംഗങ്ങളുമടക്കം പ്രതികരിച്ചിരുന്നു.

അതേസമയം, വെനസ്വേലയെ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് ജനപിന്തുണ കുറവാണെന്നാണ് അടുത്തിടെ പുറത്തെത്തിയ സര്‍വെ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

മഡൂറോ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.എസ് നീക്കത്തിന് വെറും 18 ശതമാനം ജനങ്ങള്‍ മാത്രമാണ് പിന്തുണ നല്‍കിയിരിക്കുന്നത്.

YouGov നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ വിദേശരാജ്യത്തിന് നേരെ പ്രസിഡന്റിന് സൈനിക ആക്രമണം നടത്താനാകില്ലെന്നാണ് 74 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

Content Highlight: Democrats try to block Trump from attacking Venezuela; Republicans vote against it in Senate

We use cookies to give you the best possible experience. Learn more