വാഷിങ്ടണ്‍: അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്റെ മുന്നറിയിപ്പ്. ഇസ്രഈലിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആരെങ്കിലും അടുത്ത സെനറ്റ് നേതൃസ്ഥാനത്തേക്ക് വരികയാണെങ്കില്‍ താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിടുമെന്ന് പെന്‍സില്‍വാനിയയില്‍ നിന്നുള്ള സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ വ്യക്തമാക്കി.
ഗസയില്‍ ഇസ്രഈല്‍ ഭക്ഷ്യവസ്തുക്കളെ യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് ശക്തമായി വിമര്‍ശിച്ച പ്രമുഖ സെനറ്റര്‍ ക്രിസ് വാന്‍ ഹോളനെ ലക്ഷ്യമാക്കിയാണ് ഫെറ്റര്‍മാന്റെ ഈ പ്രതികരണം. സെനറ്റ് നേതൃത്വത്തിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന പ്രോഗ്രസീവ് നേതാവാണ് വാന്‍ ഹോളന്‍.
‘വാന്‍ ഹൊളനെപ്പോലെ ഇസ്രഈലിനോട് അങ്ങേയറ്റം ശത്രുത പുലര്‍ത്തുന്ന ഒരാളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് വളരെ ആശങ്കാജനകമാണ്. മേഖലയിലെ ഏതെങ്കിലും രാജ്യങ്ങളോട് നിങ്ങള്‍ക്ക് ദേഷ്യമോ ശത്രുതയോ ഉണ്ടെങ്കില്‍, എന്തുകൊണ്ട് അത് ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഹമാസിന്റെയോ നേരെയാക്കിക്കൂടാ? ജനപ്രതിനിധി സഭയിലായാലും സെനറ്റിലായാലും, അവരുടെ ആദ്യ ചിന്ത ഇസ്രയേലിനെ ശിക്ഷിക്കാനും ഇസ്രയേലിനുള്ള സഹായങ്ങള്‍ തടഞ്ഞുവെക്കാനുമാണ്. എന്തുകൊണ്ടാണിത്? ഇറാനെ ഉത്തരവാദികളായി കണക്കാക്കുക എന്നത് എന്തുകൊണ്ടായിരിക്കാം അവരുടെ ആദ്യ ചിന്തയായി മാറാത്തത്?,’ ഫെറ്റര്‍മാര്‍ ചോദിച്ചു.
തുടക്കം മുതല്‍ തന്നെ ഇസ്രഈലിന്റെ കടുത്ത പിന്തുണക്കാരനായി അറിയപ്പെടുന്ന ഫെറ്റര്‍മാന്‍, പാര്‍ട്ടിയില്‍ ഇസ്രഈല്‍ അനുകൂല നിലപാടുകള്‍ക്ക് മാറ്റമുണ്ടായാല്‍ അത് തനിക്ക് അംഗീകരിക്കാനാവാത്ത ‘ചുവപ്പു വരയാണെന്ന്’ വ്യക്തമാക്കിയിട്ടുണ്ട്. ഗസ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ നീക്കങ്ങളെയും അദ്ദേഹം നിരന്തരം എതിര്‍ത്തു വരികയാണ്.
Content Highlight: Democratic Senator says they will leave the party if someone who criticizes Israel rises to the Senate leadership.