| Thursday, 5th November 2026, 3:16 pm

വിജയാഹ്‌ളാദ പ്രസംഗത്തിനിടെ സ്വവര്‍ഗ്ഗ പങ്കാളിയെ കെട്ടിപ്പിടിച്ച് വികാരഭരിതനായി ക്രിസ് പാപ്പാസ്; സെനറ്റിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായി ചരിത്രനേട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ഹാംഷെയര്‍: അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷനെന്ന ചരിത്ര നേട്ടത്തിനു പിന്നാലെ വിജയാഘോഷ വേദിയില്‍ ഭര്‍ത്താവിനെ വികാരഭരിതനായി കെട്ടിപ്പിടിച്ച് ന്യൂ ഹാംഷെയര്‍ പ്രതിനിധി ക്രിസ് പാപ്പാസ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും താന്‍ സ്‌നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് മാഞ്ചസ്റ്ററിലെ പ്യൂരിറ്റന്‍ ബാക്ക്റൂമില്‍ നടന്ന വിജയാഹ്‌ളാദ പ്രസംഗത്തിനിടെ പങ്കാളി വാന്‍ ബെന്റ്ലിയെ ചേര്‍ത്തുപിടിച്ച് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും LGBTQ+ സമൂഹത്തിനുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് പ്രതിനിധി ക്രിസ് പാപ്പാസ് ഇതിന് മറുപടിയെന്നോണം പങ്കാളി വാന്‍ ബെന്റ്ലിയുമായി വിജയാഘോഷ വേദിയിലേക്ക് എത്തിയത്.

ന്യൂ ഹാംഷെയറില്‍നിന്നുള്ള സെനറ്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ഇ. സുനുനുവിനെ പരാജയപ്പെടുത്തിയാണ് പാപ്പാസ് അമേരിക്കന്‍ സെനറ്റിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയ പ്രതിനിധി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.

പൊതുപ്രവര്‍ത്തനത്തെയും കഠിനാധ്വാനത്തെയും നിരുപാധികമായ സ്‌നേഹത്തെയും കുറിച്ച് സംസാരിച്ച അദ്ദേഹം ‘എന്റെ അരികില്‍ നില്‍ക്കുന്ന, എന്നെ അത്ഭുതപ്പെടുത്തുന്ന ഭര്‍ത്താവ് വാനിന് ഞാന്‍ നന്ദി പറയുന്നു’ എന്ന് പറഞ്ഞതോടെ പ്രസംഗപീഠത്തിന് അരികിലേക്കെത്തിയ വാന്‍ ബെന്റ്ലിയെ പാപ്പാസ് സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. ഈ വൈകാരിക നിമിഷത്തെ കാണികള്‍ വലിയ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് പണമൊഴുക്കിയുള്ള നിരവധി രാഷ്ട്രീയ അധിക്ഷേപങ്ങളും പരസ്യങ്ങളും പാപ്പാസിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കേവലം വിദ്വേഷത്തിലൂന്നിയ ഇത്തരം പ്രചാരണങ്ങളെ തന്റെ ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവും വികസന നേട്ടങ്ങളും ജനകീയതയും ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം മറികടന്നത്.

2019 മുതല്‍ ന്യൂ ഹാംഷെയറിലെ ഒന്നാം കോണ്‍ഗ്രസ്സ് ജില്ലയെ പ്രതിനിധീകരിക്കുന്ന യു.എസ് കോണ്‍ഗ്രസ് അംഗമാണ് ക്രിസ് പാപ്പാസ്. തന്റെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നാല് തവണയാണ് അദ്ദേഹം ജനപ്രതിനിധി സഭയിലേക്ക് (U.S. House of Representatives) തെരഞ്ഞെടുക്കപ്പെട്ടത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം, ന്യൂ ഹാംഷെയര്‍ ജനപ്രതിനിധി സഭാംഗം (2002-2006), ഹില്‍സ്ബറോ കൗണ്ടി ട്രഷറര്‍ (2007-2011), ന്യൂ ഹാംഷെയര്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം (2013-2019) എന്നീ നിലകളിലും മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിന് പുറമെ, മാഞ്ചസ്റ്ററിലെ തന്റെ കുടുംബത്തിന്റെ പ്രശസ്തമായ ഭക്ഷണശാലയായ ‘പ്യൂരിറ്റന്‍ ബാക്ക്റൂം’ (Puritan Backroom) നിയന്ത്രിക്കുന്ന ഒരു മികച്ച സംരംഭകന്‍ കൂടിയാണ് അദ്ദേഹം. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വിമുക്തഭടന്മാരുടെ ക്ഷേമം, ഗതാഗതം-അടിസ്ഥാന സൗകര്യ വികസനം, ചെറുകിട വ്യാപാരം എന്നീ സുപ്രധാന കമ്മിറ്റികളില്‍ നിര്‍ണ്ണായക ചുമതലകള്‍ വഹിച്ച അദ്ദേഹം, അടിസ്ഥാന സൗകര്യ വികസനത്തിനും ചെറുകിട സംരംഭകരുടെ ഉന്നമനത്തിനുമായി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ലുഗര്‍ സെന്ററിന്റെ (Lugar Center) ‘മോസ്റ്റ് ബൈപാര്‍ട്ടിസന്‍ മെമ്പര്‍’ ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എതിര്‍പക്ഷത്തിന്റെ പ്രചാരണങ്ങളെ തകര്‍ത്തെറിഞ്ഞ് ചരിത്രവിജയം നേടാന്‍ ക്രിസ് പാപ്പാസിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ഈ വിപുലമായ കര്‍മ്മമണ്ഡലമാണ്

Content Highlight: Democrat Chris Pappas will become first openly gay male US senator

We use cookies to give you the best possible experience. Learn more