| Thursday, 25th September 2025, 3:29 pm

ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന, വിദേശ ഇടപെടലുണ്ടായി; എത്ര വലിയവരാണെങ്കിലും വെറുതെവിടില്ല: ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞദിവസം ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത.

ജനാധിപത്യ രാജ്യത്ത് സമാധാനത്തിന് ഭംഗം വരുത്താതെ വേണം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനെന്നും ലഡാക്ക് സംഘര്‍ഷത്തില്‍ വിദേശശക്തികളുടെ ഇടപെടലുണ്ടായെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് (പ്രതിഷേധക്കാര്‍ക്ക്) അവകാശമുണ്ട്. പക്ഷെ, ലഡാക്കിനെ സംഘര്‍ഷഭൂമിയാക്കുന്നത് അനുവദിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലഡാക്കിലെ സമാധാനം തകര്‍ക്കാന്‍ വന്ന ഗൂഢാലോചനക്കാരെ, എത്ര വലിയവരാണെങ്കിലും വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. സോനം വാങ്ചുക്കിന്റെ എന്‍.ജി.ഒയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന് നേരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെയും നേപ്പാളില്‍ കഴിഞ്ഞമാസം നടന്ന ജെന്‍ സി സംഘര്‍ഷത്തെയും ലഡാക്കിലെ സംഘര്‍ഷവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഗവര്‍ണര്‍ രംഗത്തെത്തിയത്.

‘ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സമാധാനം നിലനിര്‍ത്തിക്കൊണ്ടായിരിക്കണം പ്രതിഷേധം, കഴിഞ്ഞ രണ്ടുദിവസമായി ലഡാക്കിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയമുണ്ട്. പിന്നീട് ഇക്കാര്യത്തില്‍ വ്യക്തത വന്നു. എവിടെയോ വിദേശ ശക്തികളുടെ ഇടപെടലുണ്ടായി. പതിയെ ഒരുപാട് കാര്യങ്ങളില്‍ വ്യക്തത വരുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍? എന്തിനാണ് ഈ ദിവസം തന്നെ തെരഞ്ഞെടുത്ത്ത?’, ഗവര്‍ണര്‍ പറഞ്ഞു.

ലഡാക്കിന് സംസ്ഥാനപദവി ആവശ്യമുന്നയിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ആരംഭിച്ച പ്രതിഷേധമാണ് അക്രമാസക്തമായതും നാല് പേര്‍ കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായത്. ലഡാക്കിലെ ലേയിലായിരുന്നു പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും ബി.ജെ.പിയുടെ പ്രാദേശിക ഓഫീസിനും തീവെയ്ക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കുക, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആക്ടിവിസ്റ്റായ സോനം വാങ്ചുക്കും 15പേരും നിരാഹാര സമരം ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ പത്ത് മുതലായിരുന്നു ഇവരുടെ നിരാഹാര സമരം. സമരത്തിനിടെ രണ്ടുപേര്‍ അവശനിലയിലാവുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതോടെയാണ് ബുധനാഴ്ച പ്രദേശത്ത് പ്രതിഷേധക്കാര്‍ ബന്ദ് പ്രഖ്യാപിക്കുകയും പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തത്.

പിന്നാലെ നൂറുകണക്കിനാളുകള്‍ ലേയിലെ തെരുവുകളിലേക്ക് ഇരച്ചെത്തിയാണ് ബി.ജെ.പിയുടെ ഓഫീസ് കെട്ടിടങ്ങള്‍ക്കും സി.ആര്‍.പി.എഫ് വാഹനത്തിനും തീയിട്ടത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടലുമുണ്ടായതോടെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധം ആക്രമണത്തിന് വഴിമാറിയത് തങ്ങളുടെ ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിച്ച് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.

Content Highlight: We can protest in democracy; but; Ladakh conflict is a conspiracy, says Ladakh lft. Governor

We use cookies to give you the best possible experience. Learn more