| Tuesday, 24th June 2025, 8:18 am

സീറ്റ് മാറണമെന്നാവശ്യം; വന്ദേഭാരതില്‍ യുവാവിനെ ആക്രമിച്ച് ബി.ജെ.പി എം.എല്‍.എയും സംഘവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്ദേഭാരതില്‍ യുവാവിനെ ആക്രമിച്ച് ബി.ജെ.പി എം.എല്‍.എ. റിസര്‍വ് ചെയ്ത സീറ്റില്‍ നിന്നും മാറിയിരിക്കണമെന്ന ആവശ്യം നിരസിച്ച യുവാവിനെയാണ് ബി.ജെ.പി എം.എല്‍.എയും പരിവാര സംഘവും ആക്രമിച്ചതെന്നാണ് വിവരം.

ദല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ബി.ജെ.പി എം.എല്‍.എയായ രാജീവ് സിങ്ങ് ആണ് യാത്രക്കാരനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാജിവ് സിങ്ങും ഭാര്യും മകനും മണ്ഡലത്തിലേക്ക് പോകുന്ന യാത്രാമധ്യേയാണ് സംഭവം. എം.എല്‍.എക്ക് ട്രെയിനിന്റെ പിന്‍ഭാഗത്തായാണ് സീറ്റ് ലഭിച്ചതെന്നും കുടുംബാംഗങ്ങള്‍ക്ക് മുന്‍വശത്തായിരുന്നുവെന്നും പിന്നാലെ സമീപത്തുള്ള ആളോട് സീറ്റ് മാറാന്‍ എം.എല്‍.എ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് വിവരം.

ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്ന വ്യക്തിയെ ഝാന്‍സി സ്റ്റേഷനില്‍ നിന്നും എം.എല്‍.എയുമായി ബന്ധമുള്ള ചിലര്‍ ട്രെയിനില്‍ കയറി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു.

യാത്രക്കാരനെ ആറോളം പേരടങ്ങുന്ന സംഘം എത്തി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. സംഘം യാത്രക്കാരനെ ചെരിപ്പൂരി അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

മര്‍ദനത്തില്‍ ഇയാള്‍ക്ക് സാരമായി തന്നെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂക്കില്‍ നിന്നും രക്തം വരുന്നതും ധരിച്ച വസ്ത്രത്തില്‍ രക്തം പുരളുകയും ചെയ്തത് വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.

ഇത്തരത്തില്‍ സീറ്റ് മാറുന്നതിനെ ചൊല്ലി അക്രമമുണ്ടായിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ശ്രീവാസ്തവ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

അതേസമയം ഭാര്യയും മകനുമൊത്ത് യാത്ര ചെയ്യുന്നതിനിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് എം.എല്‍.എ റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എതിര്‍ത്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും വിവരമുണ്ട്.

Content Highlight: Demanding seat change; BJP MLA and his team attack youth during Vande Bharat

We use cookies to give you the best possible experience. Learn more