| Sunday, 28th December 2025, 9:46 am

എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന ആവശ്യം; ആര്‍. ശ്രീലേഖയുടേത് സാമാന്യനീതിയുടെ ലംഘനമെന്ന് വി.കെ. പ്രശാന്ത്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ ആവശ്യം സാമാന്യനീതിയുടെ ലംഘനമെന്ന് വി.കെ. പ്രശാന്ത് എം.എല്‍.എ. ജനാധിപത്യ സംവിധാനത്തിന് യോജിച്ച കാര്യമല്ല ശ്രീലേഖ ചെയ്തതെന്നും വി.കെ. പ്രശാന്ത് വിമര്‍ശിച്ചു.

മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബന്ധപ്പെട്ട ആളുകളുമായി ആലോചിച്ച ശേഷമാണോ ഈ ആവശ്യം ഉന്നയിച്ചതെന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിക്കണമെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.

‘കഴിഞ്ഞ ഏഴ് വര്‍ഷമായി ശാസ്തമംഗലത്ത് എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം കൗണ്‍സിലറുടെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. അന്ന് അവര്‍ക്കൊന്നും കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ പുതുതായി വന്ന കൗണ്‍സിലര്‍ക്കാണ് എം.എല്‍.എ മാറിയാലേ സൗകര്യം ഉണ്ടാവുകയുള്ളുവെന്ന അഭിപ്രായമുള്ളത്. അക്കാര്യം പറഞ്ഞാണ് ഇന്നലെ വിളിച്ചത്. അപ്പോള്‍ തന്നെ കരാര്‍ കാലാവധിയുണ്ടെന്നും അതിനനുസരിച്ച് തീരുമാനിക്കമാണെന്നും മറുപടി നൽകി,’ വി.കെ. പ്രശാന്ത് പറഞ്ഞു.

താന്‍ മേയറായിരിക്കുന്ന സമയത്താണ്, കോര്‍പ്പറേഷന്‍ പരിധിയിലെ നൂറ് വാര്‍ഡുകളിലും വാര്‍ഡ് കമ്മിറ്റി ഓഫീസുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായത്. നഗരസഭാ കെട്ടിടമുണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ വാടകയ്ക്ക് ഒരു കെട്ടിടമോ എടുക്കണമെന്നായിരുന്നു തീരുമാനമെന്നും എം.എല്‍.എ പ്രതികരിച്ചു.

എം.എല്‍.എ ഓഫീസിന്റെ കരാര്‍ കാലാവധി അടുത്ത മാര്‍ച്ച് വരെയാണ്. അതുവരെ തങ്ങള്‍ തുടരുമെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. മാര്‍ച്ചിനെ മുമ്പേ ഒഴിപ്പിക്കണമെങ്കില്‍ ഒഴിപ്പിച്ചോളൂവെന്ന് ആര്‍. ശ്രീലേഖയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി നഗരസഭാ കൗണ്‍സിലാണ് കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നതില്‍ തീരുമാനമെടുക്കുന്നത്. കൗണ്‍സില്‍ തന്നെ അത് റദ്ദാക്കുകയും വേണം. ശേഷം നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നല്‍കി ഒഴിയാന്‍ ആവശ്യപ്പെടണം. ഇതാണ് നിയമപരമായ രീതിയെന്നും എം.എല്‍.എ വ്യക്തമാക്കി.

എന്നാല്‍ വി.കെ. പ്രശാന്തും ആര്‍. ശ്രീലേഖയും തമ്മിലുണ്ടായത് സൗഹൃദ സംഭാഷണം മാത്രമാണെന്നാണ് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എം.എല്‍.എ ഉന്നയിച്ച കരാര്‍ അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കട്ടേയെന്നും സ്ഥലപരിമിതിയുണ്ടെന്ന കാര്യം ആര്‍. ശ്രീലേഖ സൂചിപ്പിച്ചിരുന്നുവെന്നും വി.വി. രാജേഷ് പ്രതികരിച്ചു.

Content Highlight: Demand to vacate MLA office; R. Sreelekha’s is a violation of common decency, says VK Prasanth

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more