ന്യൂദല്‍ഹി: വനിതാ സംവരണം നടപ്പിലാക്കുന്നതിനായുള്ള ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം.
പ്രത്യേക സമ്മേളനത്തിന് പിന്നിലെ യഥാര്‍ത്ഥ അജണ്ട വനിതാ സംവരണമല്ലെന്നും, മറിച്ച് ‘അത്യന്തം അപകടകരമായ’ രീതിയിലുള്ള മണ്ഡല പുനര്‍നിര്‍ണ്ണയമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു.
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ത്തത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ പദ്ധതി ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് സോണിയ ഗാന്ധി ‘ദി ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
കുടുംബാസൂത്രണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാവരുത് മണ്ഡല വിഭജനമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
‘ലോക്‌സഭയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന ഏതൊരു നീക്കവും ഗണിതപരമായി മാത്രമല്ല, രാഷ്ട്രീയമായും തുല്യമായിരിക്കണം. അല്ലാത്തപക്ഷം ആനുപാതികമായ വര്‍ദ്ധനവ് ചില സംസ്ഥാനങ്ങളുടെ സ്വാധീനം ഇല്ലാതാക്കാന്‍ കാരണമാകും,’ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
വനിതാ സംവരണം 2029 മുതല്‍ തന്നെ നടപ്പിലാക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 334 എ ഭേദഗതി ചെയ്യാന്‍ പോകുകയാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മലക്കംമറിച്ചിലിന് പ്രധാനമന്ത്രി എന്തിനാണ് 30 മാസമെടുത്തത്? പ്രത്യേക സമ്മേളനം വിളിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി അദ്ദേഹത്തിന് കാത്തിരുന്നുകൂടേ?, സോണിയ ഗാന്ധി ചോദിച്ചു.
പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തെഴുതിയിരുന്നു. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ വ്യക്തതയില്ലാതെ അര്‍ത്ഥവത്തായ ചര്‍ച്ച അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി.
ഏപ്രില്‍ 29-ന് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അവസാനിച്ച ശേഷം സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനെയും ഖാര്‍ഗെ വിമര്‍ശിച്ചു.
30 മാസത്തോളം വനിതാ സംവരണ ബില്ലില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഇത്രയും തിടുക്കം കാണിക്കുന്നത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണെന്ന് ഖാര്‍ഗെ കത്തില്‍ വാദിച്ചു.
2024-ല്‍ തന്നെ സംവരണം നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഖാര്‍ഗെയുടെ കത്തിന് മറുപടിയുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. സ്ത്രീകളോടുള്ള വാഗ്ദാനങ്ങള്‍ ഇത്തരം മാറ്റിവെക്കലുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം ഉറപ്പാക്കണമെങ്കില്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചേ മതിയാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 2026 മാര്‍ച്ച് മുതല്‍ തന്നെ സര്‍ക്കാര്‍ വിവിധ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കൂടിയാലോചനകള്‍ നടത്തിയില്ലെന്ന
ആരോപണം തെറ്റാണെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് വൈകിപ്പിച്ചത് വഴി കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. 2027-ലെ സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ 2029-ല്‍ സംവരണം നടപ്പിലാക്കാന്‍ കഴിയൂ എന്ന സര്‍ക്കാര്‍ നിലപാട് ജാതി സെന്‍സസ് അട്ടിമറിക്കാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഏപ്രില്‍ 16-ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ കൃത്യമായി എന്താണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ എം.പിമാര്‍ക്ക് ഇപ്പോഴും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇത് ജനാധിപത്യവിരുദ്ധമായ രീതിയാണെന്നും പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.
Content Highlight: ‘Delimitation, Not Women Quota, Real Issue’: Sonia Gandhi On Special Session