ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് ജയം. എന്‍.എസ്.യു സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എ.ബി.വി.പി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു.
ജോസെലിന്‍ നന്ദിത ചൗധരിയെ തോല്‍പ്പിച്ച് എ.ബി.വി.പിയുടെ ആര്യന്‍ മാനാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 28841 വോട്ടുകളാണ് ആര്യന്‍ മാന്‍ നേടിയത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനം എന്‍.എസ്.യു നിലനിര്‍ത്തി.
എ.ബി.വി.പിയുടെ ഗോവിന്ദ് തന്‍വാറിനെ (20,547 വോട്ടുകള്‍) പരാജയപ്പെടുത്തി എന്‍.എസ്.യു സ്ഥാനാര്‍ത്ഥി രാഹുല്‍ ഝാന്‍സ്ല (29,339 വോട്ടുകള്‍)യാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഗോവിന്ദ് തന്‍വാറിന് 16,013 വോട്ടുകളാണ് ലഭിച്ചത്.
എന്നാല്‍ യൂണിയന്‍ തെരഞ്ഞെടുപ്പിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന സ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും എ.ബി.വി.പി വിജയം കണ്ടു.
20,554 വോട്ട് നേടി എ.ബി.വി.പിയുടെ കുനാല്‍ ചൗധരിയാണ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 18,500 വോട്ടുകള്‍ നേടിയ ദീപിക ജോയിന്റ് സെക്രട്ടറി സ്ഥാനവും പിടിച്ചെടുത്തു.
17 റൗണ്ട് വോട്ടെണ്ണലിന് ശേഷമാണ് ഫലപ്രഖ്യാപനം നടന്നത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 50ലധികം കോളേജുകളിലായി 2.75 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. സൗജന്യ വൈ-ഫൈ, മികച്ച കായിക സൗകര്യങ്ങള്‍, മെട്രോ പാസുകള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് എ.ബി.വി.പി ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിജയം കണ്ടത്.
ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍, ക്യാമ്പസ് സുരക്ഷ, ആര്‍ത്തവ അവധി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു എന്‍.എസ്.യുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇതിനുപുറമെ നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് എന്‍.എസ്.യു ഒരു വനിതാ പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരാര്‍ത്ഥിയായി തീരുമാനിക്കുന്നത്.
ഫീസ് വര്‍ധനയും പരാതി പരിഹാര സംവിധാനങ്ങള്‍ പുനസ്ഥാപിക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ക്യാമ്പസിലെ എസ്.എഫ്.ഐ സഖ്യം ഉന്നയിച്ചിരുന്നത്.
നിലവിൽ ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Delhi University elections; ABVP wins