ന്യൂദല്‍ഹി: ദല്‍ഹിയിലെ ബെല എസ്റ്റേറ്റിലെ 728 വോട്ടര്‍മാരില്‍ 727 പേരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ‘വോട്ട് ചോരി’ ആണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ദല്‍ഹിയില്‍ യമുനാ തീരത്തുള്ള ബെല എസ്റ്റേറ്റില്‍ 728 പേര്‍ താമസിക്കുന്നുണ്ട്. എസ്.ഐ.ആര്‍ നടപടിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ അവശേഷിക്കുന്നത് ഒരേയൊരു പേര് മാത്രമാണ്. ബാക്കി 727 പേരുടെയും പേരുകള്‍ നീക്കം ചെയ്യപ്പെട്ടെന്ന് രാഹുല്‍ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
‘ഇന്ന് ഞാന്‍ അവരുടെ ചേരി സന്ദര്‍ശിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരോട് ചെയ്ത കാര്യങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു,’ എന്നും രാഹുല്‍ പറഞ്ഞു.
എസ്.ഡി.എമ്മുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഞാന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞു. വീടുണ്ടോ ഇല്ലയോ എന്നത് വോട്ടവകാശവുമായി ബന്ധപ്പെട്ട കാര്യമല്ല. ഭവനരഹിതര്‍ക്ക് പൂജ്യം ഹൗസ് നമ്പര്‍ അനുവദിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും 727 പേരുടെ പേരുകള്‍ നീക്കം ചെയ്തുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇതൊരു എസ്.ഐ.ആര്‍ നടപടിയല്ല, മറിച്ച് വോട്ട് മോഷണത്തിനുള്ള ഒരു മാര്‍ഗ്ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്, വര്‍ഷങ്ങളായി അവിടെയുണ്ട്. 2023-ല്‍ അവരുടെ വീടുകള്‍ പൊളിച്ചുമാറ്റി. എന്നാല്‍ അവര്‍ ഒരിടത്തേക്കും പോയില്ല. അവര്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ബാധിക്കപ്പെട്ടവര്‍ പതിറ്റാണ്ടുകളായി ഈ മണ്ഡലത്തില്‍ താമസിക്കുന്നവരാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025-ലെ ഡല്‍ഹി ഉപതിരഞ്ഞെടുപ്പിലും അവര്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Content Highlight: Delhi SIR: 727 of 728 names in slum deleted, Rahul speaks to SDM