| Thursday, 25th December 2025, 9:05 pm

ദൽഹി വായു ഗുണനിലവാര സൂചിക 234; കുറഞ്ഞിട്ടും മലിനീകരണ തോത് ആശങ്കാജനകമെന്ന് റിപ്പോർട്ട്

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ദൽഹിയിലെ വായു ഗുണനിലവാര സൂചിക 234 ആയി കുറഞ്ഞെങ്കിലും മലിനീകരണ തോത് ആശങ്കാജനകമായി തുടരുന്നെന്ന് ഓദ്യോഗിക കണക്കുകൾ.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം നഗരത്തിലെ 24 മണിക്കൂറിലെ ശരാശരി വായു ഗുണനിലവാര സൂചിക
271 എന്ന ഐ.ക്യു.ഐയിൽ നിന്നും 234 ആയെന്നാണ് റിപ്പോർട്ടുകൾ.

തലസ്ഥാനത്തെ 40 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 10 എണ്ണത്തിൽ 200 ൽ താഴെയാണ് വായു ഗുണനിലവാരമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ ലോധി റോഡ്, ഐ.ഐ.ടി, ദൽഹി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ആയ നഗർ എന്നീ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.

27 കേന്ദ്രങ്ങളെ ഗുണ നിലവാര സൂചികയിൽ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജഹാംഗീർപുരി, ബവാന എന്നീ നഗരങ്ങളിൽ വായു ഗുണനിലവാരം 300 ആയി കടന്നെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ മെച്ചപ്പെട്ട പുരോഗതി ഉണ്ടായിട്ടും വരും ദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക മോശമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സി.പി.സി.ബിയുടെ കണക്കുകൾ പ്രകാരം 0 നും 50 നും ഇടയിലുള്ള ഒരു എ.ക്യൂ.ഐ നല്ലതെന്നും, 51 മുതൽ 100 വരെ തൃപ്തികരമെന്നും, 101 മുതൽ 200 വരെ മിതമായതെന്നും, 201 മുതൽ 300 വരെ മോശമെന്നും, 301 മുതൽ 400 വരെ വളരെ മോശമെന്നും, 401 മുതൽ 500 വരെ ഗുരുതരമെന്നും കണക്കാക്കപ്പെടുന്നു.

എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ ഡിസിഷൻ സപ്പോർട്ട് സിസ്റ്റത്തിൽ (ഡി.എസ്.എസ്‌) നിന്നുള്ള ഡാറ്റകളിൽ ഡൽഹിയിലെ മലിനീകരണത്തിന് ഏറ്റവും വലിയ കാരണമാകുന്നത് വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണമാണ്. ഇത് 18.5 ശതമാനമാണെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വ്യവസായങ്ങൾ (9.5 ശതമാനം), നിർമാണ പ്രവർത്തനങ്ങൾ (2.5 ശതമാനം), മാലിന്യം കത്തിക്കൽ (1.6 ശതമാനം) എന്നിവയും ഇതിന് കാരണമാകുന്നു.

Content Highlight: Delhi’s air quality index at 234; pollution levels are worrying, report says

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more