| Wednesday, 10th December 2025, 5:17 pm

ദല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ മാറ്റിവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുന്ന ഏഴ് സി.എ.എ വിരുദ്ധ ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.

ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീര ഹൈദര്‍, ഷിഫ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷയിലെ വിധി പറയലാണ് സുപ്രീം കോടതി മാറ്റിവെച്ചത്. ചൊവ്വാഴ്ചയായിരുന്നു കോടതിയുടെ നീക്കം.

സെപ്റ്റംബര്‍ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ഏഴുപേരും സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍. എന്‍.വി. അഞ്ജരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അഞ്ച് വര്‍ഷത്തിലേറേയായി ഇവര്‍ ജയിലില്‍ തുടരുകയാണ്. യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഹരജിക്കാരുടെ പ്രധാന ആവശ്യം ഏറെ നാളായുള്ള വിചാരണത്തടവ് അവസാനിപ്പിച്ച് കേസില്‍ വിചാരണ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ്.

ദല്‍ഹി കലാപത്തിനിടെ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പ്രേരണ നല്‍കിയെന്ന് തെളിയിക്കാനായി ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ഗുല്‍ഫിഷ ഫാത്തിമയ്ക്ക് വേണ്ടി ഹാജരാകുന്ന ഡോ. അഭിഷേക് മനു സിങ്വി, ഉമര്‍ ഖാലിദിന് വേണ്ടി ഹാജരാകുന്ന കപില്‍ സിബല്‍, ഷര്‍ജീല്‍ ഇമാമിന് വേണ്ടി ഹാജരാകുന്ന സിദ്ധാര്‍ത്ഥ് ദവെ എന്നിവര്‍ കോടതിയെ ബോധിപ്പിച്ചു.

2020 ഫെബ്രുവരിയിലുണ്ടായ ദല്‍ഹി കലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ പോലും ഉണ്ടായിരുന്നില്ല. ഗാന്ധിയന്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സമാധാനപരമായ ചെറുത്തുനില്‍പ്പിനുള്ള ആഹ്വാനമായിരുന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന അമരാവതി പ്രസംഗം.

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അസൗകര്യങ്ങളുണ്ടാക്കിയിരുന്നേക്കാം എന്നാല്‍, യു.എ.പി.എ ചുമത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. യു.എ.പി.എ പ്രകാരം ജാമ്യം നല്‍കുന്നതിന് കോടതി കൂടുതല്‍ ലിബറല്‍ സമീപനം സ്വീകരിച്ച വെര്‍നോണ്‍, ഷോമ സെന്‍ വിധികളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Content Highlight: Delhi riots case: Supreme Court reserves verdict on bail pleas of Umar Khalid, Sharjeel Imam and others

We use cookies to give you the best possible experience. Learn more