| Monday, 9th March 2026, 9:06 pm

ദല്‍ഹി കലാപക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്.

മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 30 വരെയാണ് ജാമ്യത്തിന്റെ കാലാവധി. മാര്‍ച്ച് 25നാണ് ഷര്‍ജീലിന്റെ സഹോദരന്റെ വിവാഹം. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായ്‌യാണ് ഷര്‍ജീലിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കരുത്, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളെയോ കാണരുത്, വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്തോ വീട്ടിലോ മാത്രം താമസിക്കണം എന്നിങ്ങനെയാണ് ഉപാധികള്‍.

50,000 രൂപയുടെ ബോണ്ടിന്റെയും രണ്ട് ആള്‍ജാമ്യത്തിന്റെയും ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഷര്‍ജീല്‍ ഇമാം ജയിലിലാണ്. 2020 ഫെബ്രുവരിയില്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരടക്കമുള്ള ഒമ്പത് വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ളവര്‍ കലാപത്തിന് ശ്രമിച്ചുവെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷര്‍ജീല്‍ ഇമാം ജയിലില്‍ കഴിയുകയാണെന്നും താത്കാലിക ജാമ്യം പോലും ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് ഇമാമിന് കോടതി പത്ത് ദിവസത്തെ ജാമ്യം അനുവദിച്ചത്.

നേരത്തെ കേസിലെ അഞ്ച് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിക്കുകയായിരുന്നു.

Content Highlight: Delhi riots case: Sharjeel Imam granted interim bail

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more