ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈക്കോടതി. ജസ്റ്റിസുമാരായ നവിന്‍ ചൗളയും ശാലിന്ദര്‍ കൗറും ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ദല്‍ഹി പൊലീസിന്റെയും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തിന്റെയും വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. ഗൂഢാലോചന പൂര്‍ണമായി തെളിയിക്കുന്നതില്‍ ദല്‍ഹി പൊലീസിന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും അതുകൊണ്ടുതന്നെ ജ്യാമം നേടി പുറത്തു പോവുന്നത് മറ്റു പല സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും ഉത്തരവുണ്ട്.
ദല്‍ഹി കലാപ കേസില്‍ വിചാരണ നേരിടുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, അതര്‍ ഖാന്‍, അബ്ദുള്‍ ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്‌മാന്‍, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷദാബ് അഹ്‌മദ് എന്നിവരാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷ 2022 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്.
യു.എ.പി.എ നിയമപ്രകാരമുള്ള കേസായതിനാല്‍ ജാമ്യം നിഷേധിച്ച കീഴ്ക്കോടതി ഉത്തരവുകള്‍ക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് 18 പ്രതികള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കുറ്റപത്രം ചുമത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഒളിവിലാണ്. ഈ കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
നേരത്തെ, ഇതേ കേസില്‍ പ്രതികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് 2021 ജൂണ്‍ 15-ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇഷ്‌റത്ത് ജഹാന്‍ എന്ന പ്രതിക്ക് വിചാരണക്കോടതിയും ജാമ്യം നല്‍കിയിരുന്നു.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഐ.പി.സി, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍, യു.എ.പി.എ എന്നീ വകുപ്പുകളിലാണ് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിരുന്നത്.
കലാപവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമര്‍ ഖാലിദിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍, ഗൂഢാലോചനയുമായി ബന്ധപ്പെട്ട യു.എ.പി.എ. കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ തന്നെ തുടരേണ്ടിവന്നു. കല്ലേറ് നടത്തിയെന്ന കേസിലാണ് ഉമറിനെ കുറ്റവിമുക്തനാക്കിയത്.
2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 700-ലധികം എഫ്.ഐ.ആറുകളാണ് ഡല്‍ഹി പൊലീസ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.
Content Highlight: Delhi riots case; Bail pleas of Umar Khalid and Sharjeel Imam rejected