ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ദല്‍ഹിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു.
ഛത്ര ജില്ലയിലെ സിമാരിയക്ക് സമീപത്ത് നിന്നും തിങ്കളാഴ്ച വൈകുന്നേരം 7.11ഓടെ എയര്‍ ആംബുലന്‍സ് പറന്നുയരുകയായിരുന്നു. പിന്നാലെ തന്നെ അപകടമുണ്ടാവുകയും വിമാനത്തിലെ മുഴുവന്‍ ആളുകളും കൊല്ലപ്പെടുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിമാനത്തിന്റെ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, ക്യാപ്റ്റന്‍ സവ്രാജ്ദീപ് സിംഗ്, സഞ്ജയ് കുമാര്‍, ഡോ. വികാസ് കുമാര്‍ ഗുപ്ത, സച്ചിന്‍ കുമാര്‍ മിശ്ര, അര്‍ച്ചന ദേവി, ധുരു കുമാര്‍ എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി എസ്.ഡി.പി.ഒ ശുഭം ഖണ്ഡേല്‍വാള്‍ അറിയിച്ചു.
വിമാനം ദല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നെന്നും 7.30യോടെ അപകടമുണ്ടായതെന്നും ഛത്ര ഡെപ്യൂട്ടി കമ്മീഷണര്‍ ജി. കീര്‍ത്തിശ്രീ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
റാഞ്ചിയിലെ ദേവ്കമല്‍ ആശുപത്രിയില്‍ ഗുരുതരമായി പൊള്ളലേറ്റ് രോഗിയെ മെച്ചപ്പെട്ട ചികിത്സക്കായി കൊണ്ടുപോവുന്നതിനിടെയാണ് അപകടമുണ്ടായത്.
ലത്തേഹാര്‍ ജില്ലയിലെ ചന്ദ്വയില്‍ താമസിക്കുന്ന സഞ്ജയ് കുമാറിനെ (41)ഫെബ്രുവരി 16 ന് 65 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
പിന്നീട് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് തലസ്ഥാനത്തേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചതെന്ന് ദേവ്കമല്‍ ആശുപത്രിയുടെ സി.ഇ.ഒ അനന്ത് സിന്‍ഹ പ്രതികരിച്ചു.
ഡി.ജി.സി.എ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് ദല്‍ഹി ആസ്ഥാനമായുള്ള നോണ്‍-ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായ റെഡ്‌ബേര്‍ഡിന്റെ ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Content Highlight: Delhi-Ranchi air ambulance crash, Seven on board Killed