| Tuesday, 20th October 2026, 10:58 pm

ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍: പൊലീസ് അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍

റെന്വര്‍ പി

ജനീവ: ഇന്ത്യയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ നടന്ന പൊലീസ് നടപടികളെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധര്‍ അപലപിച്ചു. പൊലീസ് നടത്തുന്ന അമിതാധികാരപ്രയോഗത്തില്‍ മനുഷ്യാവകാശ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതായും യു.എന്‍ മനുഷ്യാവകാശ വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കാനും സംരക്ഷിക്കാനും നടപ്പിലാക്കാനും ഇന്ത്യന്‍ അധികൃതരോട് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധര്‍് ആവശ്യപ്പെട്ടു. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ അടിച്ചമര്‍ത്തല്‍ കൂടുതല്‍ വിപുലവും ആശങ്കാജനകവുമായ ഒരു പ്രവണതയെയാണ് സൂചിപ്പിക്കുന്നതെന്നും യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍ പറഞ്ഞു. ‘സമാധാനപരമായ ഒത്തുചേരലുകള്‍ക്ക് മേലുള്ള അനാവശ്യ നിയന്ത്രണങ്ങള്‍, അമിതമായ ബലപ്രയോഗം, ഏകപക്ഷീയമായ തടങ്കലുകള്‍, നിര്‍ബന്ധിത തിരോധാനങ്ങള്‍, വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള നടപടികള്‍ തുടങ്ങിയവയെക്കുറിച്ച് ഞങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,’ എന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘കഴിഞ്ഞ ഏതാനും മാസങ്ങളായി, വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയും, സമീപകാലത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിനെതിരെയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും അവരുടെ പിന്തുണക്കാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായി പ്രതിഷേധിച്ചു വരികയാണ്.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്ത നടപടി, മുസ്ലീം ന്യൂനപക്ഷങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട 130 ദശലക്ഷത്തോളം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ പൂര്‍ണ്ണമായും അഹിംസാപരമായിരുന്നിട്ടും, നിരായുധരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള ബലപ്രയോഗങ്ങള്‍ നടത്തിയതായും, ആയിരക്കണക്കിന് ആളുകളെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്,’ വിദഗ്ധര്‍ പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് അടുത്തിടെ ദല്‍ഹിയില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെക്കുറിച്ചും യു.എനിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘ ന്യൂദല്‍ഹിയില്‍ അടുത്തിടെ 7000-ത്തിലധികം യുവാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ എന്നിവരെ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത് വിദൂരത്തുള്ള തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അവിടെ വെച്ച് ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നീക്കം ചെയ്യുകയും ചെയ്തതായി പറയപ്പെടുന്നു. പ്രതിഷേധ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പേരെയും 24 മണിക്കൂറിന് ശേഷം വിട്ടയച്ചു.

പ്രതിഷേധക്കാര്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ചിലര്‍ തങ്ങള്‍ മോശമായ പെരുമാറ്റത്തിന് ഇരയായതായി വെളിപ്പെടുത്തി. പ്രതിഷേധങ്ങള്‍ക്കിടയിലും, അതുമായി ബന്ധപ്പെട്ട തടങ്കലുകളിലും ലൈംഗിക അതിക്രമങ്ങളും ലിംഗ വിവേചനത്തിലധിഷ്ഠിതമായ മറ്റ് തരത്തിലുള്ള പീഡനങ്ങളും നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്,’ യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പൊതുയോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയും ഇന്റര്‍നെറ്റും പൊതുഗതാഗതവും തടഞ്ഞും പ്രതിഷേധങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിലും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു.

‘സമാധാനപരമായ ഒത്തുചേരലിനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, വ്യക്തിസുരക്ഷ, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം എന്നിവയുള്‍പ്പെടെ, ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നിയമപ്രകാരമുള്ള അടിസ്ഥാന ബാധ്യതകളെ ഈ നടപടികള്‍ ലംഘിക്കുന്നു,’ എന്നും അവര്‍ ചൂണ്ടിക്കാട്ടി.

സമാധാനപരമായ ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏത് നിയന്ത്രണവും നിയമപരമായിരിക്കണം. അവ ഒരു നിയമാനുസൃത ലക്ഷ്യത്തിന് വേണ്ടിയുള്ളതായിരിക്കണം. കൂടാതെ അത് അനിവാര്യവും ആനുപാതികമായ അളവിലുമായിരിക്കണമെന്നും യു.എന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘അമിതമായ ബലപ്രയോഗം ഉടനടി അവസാനിപ്പിക്കാനും, ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ പൊതുവായ നിരോധനങ്ങള്‍ പിന്‍വലിക്കാനും, ബയോമെട്രിക് സംവിധാനങ്ങള്‍ വഴിയുള്ള നിരീക്ഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങളുടെ ദുരുപയോഗവും ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തലുകളും ഒഴിവാക്കാനും ഞങ്ങള്‍ അധികാരികളോട് ആവശ്യപ്പെടുന്നു,’ എന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ ഒരു അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും യു.എന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണം. വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഒത്തുചേരാനും തങ്ങളുടെ പരാതികള്‍ പ്രകടിപ്പിക്കാനുമുള്ള ജനാധിപത്യ അവകാശം സംരക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.

സമാധാനപരമായ ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ലിംഗഭേദമനുസരിച്ച് എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിലും, പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പ്രതികാര നടപടികളിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Delhi Protests: UN experts on crackdown on protests and rights violations

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more