| Saturday, 13th September 2025, 10:43 pm

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയ എ.ഐ വീഡിയോ; കേസെടുത്ത് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ എ.ഐ വീഡിയോക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്.

ദല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോയാണെന്ന പരാതിയിലാണ് കേസ്. ബി.ജെ.പി പ്രവര്‍ത്തകനായ സാങ്കേത് ഗുപ്തയാണ് കോണ്‍ഗ്രസിനെതിരെ പരാതിപ്പെട്ടത്.

മോദിയുടെ അമ്മ ഹീരാബെന്നിന്റെ രൂപസാദൃശ്യമുള്ള സ്ത്രീയുടെ എ.ഐ വീഡിയോയാണ് ബീഹാര്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്.

പിന്നാലെ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും കോണ്‍ഗ്രസ് മനപൂര്‍വം അധിക്ഷേപിക്കുകയാണെന്ന് ബി.ജെ.പി ആരോപണം ഉയര്‍ത്തിയിരുന്നു.

തന്നെ വോട്ട് നേടാന്‍ ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതായാണ് എ.ഐ വീഡിയോ. ഇത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് തയ്യാറാക്കിയതെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇതിനുമുമ്പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നടന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ തന്റെ അമ്മയെ അപമാനിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ബീഹാറിലെ വനിതകള്‍ക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

തന്റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന് രാജ്യത്തെ എല്ലാ അമ്മമാരെയും അപമാനിക്കുന്നുവെന്നുമാണ് മോദി വൈകാരികമായി പ്രതികരിച്ചത്.

അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി നടത്തിയ പ്രകടനം ബീഹാറിലെ എല്ലാ അമ്മമാരെയും അപമാനിക്കുന്നതിന് തുല്യമായിരുന്നു. തന്റെ അമ്മയെ അപമാനിച്ചതില്‍ താന്‍ മാപ്പ് നല്‍കും. എന്നാല്‍ ബീഹാറിലെ ജനത ക്ഷമിക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

മോദിയുടെ വൈകാരിക പ്രതികരണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായ ബന്ദ് ഉള്‍പ്പെടെയാണ് ബി.ജെ.പി നടത്തിയത്. നിലവില്‍ കോണ്‍ഗ്രസിന്റെ എ.ഐ വീഡിയോക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്.

Content Highlight: Delhi Police registers case after AI video portrays Modi’s mother

We use cookies to give you the best possible experience. Learn more