ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റൈ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ- വിദ്യാഭ്യാസ സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ദല്‍ഹി പൊലീസിന്റെ നടപടികള്‍ വിവാദമാകുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.എസ്.എ നേതാവ് നേഹ ബോറയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് മാധ്യമപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതി നിഷ്പക്ഷമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറി എന്ന് ദല്‍ഹി പൊലീസ് അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ദല്‍ഹി പൊലീസ് എക്‌സില്‍ കുറിച്ചു .
‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വനിതാ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നത് വനിതാ ജീവനക്കാരാണ്. അവരെ മാന്യമായും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് തടങ്കലുകളും മോചനവും നടക്കുന്നത്. കസ്റ്റഡിയിലെടുത്ത് പ്രതിഷേധക്കാരെ നിശ്ചിത സമയത്തിനുള്ളില്‍ നിയമനടപടിക്രമങ്ങള്‍ പാലിച്ച് വിട്ടയച്ചു. മറിച്ചുള്ള ഏതൊരു അവകാശവാദവും വസ്തുതാപരമായി തെറ്റാണ്’, പോസ്റ്റില്‍ പറയുന്നു.
എ.സി.പി വിവേക് ഭഗത് തന്നെ അനുചിതമായി സ്പര്‍ശിച്ചു എന്ന് ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നു. എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചതോടെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന്‍ സമരക്കാര്‍ ഉപരോധിച്ചിരുന്നു.
കൊണാട്ട് പ്ലേസ് എ.സി.പി വിവേക് ഭഗത്തിന് അഡീഷണല്‍ ഡി.സി.പി ആയി സ്ഥാനക്കയറ്റം നല്‍കിയുള്ള ഉത്തരവ് തിങ്കളാഴ്ച ഇറങ്ങി. ഇതോടെ വന്‍ വിമര്‍ശനങ്ങളാണ് ദല്‍ഹി പൊലീസിനെതിരെ ഉയരുന്നത്.
എന്നാല്‍ ഓഗസ്റ്റ് 25ന് ആരംഭിച്ച നടപടികളുടെ അടിസ്ഥാനത്തിലാണ വിവേക് ഭഗത് ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ ആരോപണങ്ങള്‍ ഉയരുന്നതിന് മുമ്പായിരുന്നു ഇതെന്നും അധിക ചുമതല താത്കാലികമായ ഒരു ക്രമീകരണം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തിക ആനുകൂല്യങ്ങളോ നിയമപരമായ അധികാരങ്ങളോ ലഭിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തനിക്ക് പുതിയ ചുമതല നല്‍കേണ്ടതില്ലെന്ന് എ.സി.പി വിവേക് ഭഗത് പിന്നീട് ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകയെയും 16 പേരെയും പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ ക്രമസമാധാന ചുമതലകള്‍ നിര്‍വഹിക്കുകയായിരുന്നുവെന്ന് പൊലീസ് വാദിച്ചു. ജോലി നിര്‍വഹണത്തിനിടെ സ്വീകരിച്ച നടപടികളുടെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വരെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിക്കുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരെ പൊലീസ് മര്‍ദിച്ചെന്ന പരാതികളില്‍ പട്യാല ഹൗസ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി പീഡനം സംബന്ധിച്ച് ദല്‍ഹി ഡി.സി.പിയില്‍ നിന്ന് റിപ്പോര്‍ട്ട ആവശ്യപ്പെട്ട കോടതി പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രസക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാനമായി പ്രതിഷേധിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആആക്രമിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞു. എന്നാല്‍ പ്രതികളുടെ പ്രായം, കുറ്റകൃത്യങ്ങളുടെ സ്വഭാവം, സ്ഥിരം കുറ്റവാളികളല്ല എന്ന വസ്തുത എന്നിവ കണക്കിലെടുക്കുമ്പോള്‍ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുന്നതിന് ന്യായമില്ല എന്നും കോടതി പറഞ്ഞു.
Content Highlight: Delhi police official, accused of sexually harassing journalist during anti-CEC protest at Jantar Mantar, promoted.