| Friday, 21st August 2026, 6:50 pm

ഒടുക്കം മുട്ടുമടക്കി ദല്‍ഹി പൊലീസ്; പെല്ലറ്റ് ആക്രമണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു: രാഹുല്‍ ഗാന്ധിയുടെ ധര്‍ണ വിജയം

നിഷാന. വി.വി

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ സി.ജെ.പി മാര്‍ച്ചിനിടെ പെല്ലെറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

പിന്നാലെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകര്‍പ്പ് ഇതുവരെ ഇരയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം നാല് മണിക്കൂറിലധികമാണ് രാഹുല്‍ ഗാന്ധി പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സാഹിലിനൊപ്പം ധര്‍ണയിരുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.പൊലീസ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. സി.ജെ.പി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് അതിക്രമത്തിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്.

പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ധര്‍ണയിരുന്നിരുന്നു. തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നീതിക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മൗനം പാലിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ വന്ദേമാതര വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നായിരുന്നു രവിശങ്കര്‍ എം.പി പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ധര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതല്ല മറിച്ച് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ പറഞ്ഞു.

Content Highlight: Delhi Police finally yields; FIR registered over pellet attack: Rahul Gandhi’s sit-in protest succeeds.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more