| Monday, 9th February 2026, 10:44 pm

നരവനെയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എം.എ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം പ്രചരിപ്പിക്കുന്നതില്‍ കേസ്. പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ദല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്തു.

നരവനെയുടെ പുസ്തകത്തിന് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരണാനുമതി നല്‍കിയിട്ടില്ലെന്നും സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും പൊലീസ് പറയുന്നു.

ഇത്തരത്തില്‍ അനുമതി ലഭിക്കാത്ത പക്ഷം പുസ്തകം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

‘എം/എസ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള പി.ഡി.എഫാണ് ചില വെബ്‌സൈറ്റുകളില്‍ കണ്ടെത്തിയത്. ചില ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമുകൾ വില്‍പനയ്ക്ക് ഉണ്ടെന്ന തരത്തില്‍ നരവനെയുടെ പുസ്തകത്തിന്റെ കവര്‍ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് പറയുന്നു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ ലോക്‌സഭയില്‍ ഉദ്ധരിച്ചതോടെയാണ് പ്രസിദ്ധീകരണം വിവാദമായത്. നരവനെയുടെ ലേഖനം വായിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഉള്‍പ്പെടെ രാഹുലിനെ തടസപ്പെടുത്തിയിരുന്നു.

2020ലെ ഗാല്‍വാന്‍ സംഘര്‍ഷ സമയത്ത് സൈന്യത്തിന് ഇടപെടാന്‍ രാഷ്ട്രീയാനുമതി വൈകിയതിനെ തുടര്‍ന്ന്, ലഡാക്കിലെ ഇന്ത്യന്‍ ഭൂമി ചൈന കൈയേറിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പേരുകള്‍ ലേഖനത്തില്‍ പറയുന്നുണ്ടെന്നാണ് സൂചന.

2023ല്‍ നരവനെയുടെ ഓര്‍മക്കുറിപ്പുകളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഒരു വാര്‍ത്ത ഏജന്‍സി ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.

എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതേസമയം ആമസോണ്‍ പോലുള്ള ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ പ്രീ-ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

കേസെടുത്തതിന് പിന്നാലെ പെന്‍ഗ്വിന്‍ ബുക്ക്സും വിഷയത്തില്‍ പ്രതികരിച്ചു. നരവനെയുടെ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അച്ചടിച്ചതോ ഡിജിറ്റല്‍ രൂപത്തിലുള്ളതോ ആയ ഒരു പകര്‍പ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും പെന്‍ഗ്വിന്‍ ബുക്ക്‌സ് വ്യക്തമാക്കി.

Content Highlight: Delhi Police files case against dissemination of Naravane’s book

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more