| Tuesday, 28th July 2026, 5:35 pm

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; എ.കെ.ജി ഭവനില്‍ ദല്‍ഹി പൊലീസ്

റെന്വര്‍ പി

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ദല്‍ഹി പൊലീസ്. എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് തിരിച്ചുപോയി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു ഐഷി ഘോഷ്. സി.ജെ.പിക്കൊപ്പം ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്തി സംഘടനകളുടെ പ്രതിനിധികളും ജന്തര്‍ മന്ദറിലെ നിരാഹാര സമരത്തില്‍ അടക്കം പങ്കാളികളായിരുന്നു.

എ.കെ.ജി ഭവന്റെ ഉള്ളില്‍ യൂണിഫോം ധരിച്ച രണ്ട് പൊലീസുകാരാണ് എത്തിയത്. ഇതില്‍ ഒരു വനിത പൊലീസും പുരുഷ പൊലീസുമാണുള്ളത്. ഇവര്‍ക്കൊപ്പം സിവില്‍ വേഷത്തില്‍ നെയിം പ്ലേറ്റില്ലാത്ത ഒരു വനിത പൊലീസുമുണ്ടായിരുന്നു.

2021ല്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനെതിരായ കേസിലാണ് പൊലീസ് ഐഷി ഘോഷിനെ അന്വേഷിച്ച് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയതെന്ന് എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം. സജി പറഞ്ഞു.

ആ കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 30നാണ് കേസില്‍ അടുത്ത വാദം. സി.ജെ.പി സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ പൊലീസ് ലക്ഷ്യം വെക്കുകയാണെന്നും ആദര്‍ശ് ചൂണ്ടിക്കാട്ടി.

അമിത് ഷായുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടുകയാണ്. ഈ വേട്ടയാടല്‍ അവരുടെ കൈയില്‍ വെച്ചാല്‍ മതിയെന്നാണ് പറയാനുള്ളതെന്നും ആദര്‍ശ് പറഞ്ഞു.

വിദ്യാര്‍ത്ഥി സമരത്തിന്റെ മുന്‍നിരയിലുള്ള വ്യക്തിയാണ് ഐഷി. അവര്‍ നിരാഹാര സമരത്തിന്റെയും ഭാഗമായിരുന്നു. ഒരു ആവശ്യവുമില്ലാതെയാണ് ദല്‍ഹി പൊലീസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറുന്നത്. ഐഷി ഘോഷിനെതിരെ നാലഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ഒരു കേസ് പൊടിതട്ടിയെടുത്ത് അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്ന് ആദര്‍ശ് ചൂണ്ടിക്കാട്ടി.

ഇതിനുള്ള അധികാരവും അവകാശവും ആരാണ് ദല്‍ഹി പൊലീസിന് കൊടുത്തത്. വിദ്യാര്‍ത്ഥി സമരത്തിന്റെ മുന്‍നിരയിലുള്ള വ്യക്തിയാണ് ഐഷി. അവര്‍ നിരാഹാര സമരത്തിന്റെയും ഭാഗമായിരുന്നു. ബോധപൂര്‍വം ഐഷിയെ ട്രാക്ക് ചെയ്ത് പൊലീസ് അവരുടെ പിന്നാലെ എ.കെ.ജി സെന്ററിലെത്തുകയായിരുന്നുവെന്നും ആദര്‍ശ് അറിയിച്ചു. ദല്‍ഹി പൊലീസിനെ ഉപയോഗിച്ചുള്ള സംഘപരിവാര്‍ നീക്കത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍ ബ്രിട്ടാസ് ഇടപെട്ട ശേഷമാണ് പൊലീസ് എ.കെ.ജി ഭവനില്‍ നിന്ന് മടങ്ങിപ്പോയത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആണെങ്കില്‍ യൂണിഫോം ധരിച്ചും നെയിം പ്ലേറ്റ് ധരിച്ചും മടങ്ങി വരണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിപ്പോയത്. പൊലീസ് നടപടി ധിക്കാരപരമാണെന്നും ബ്രിട്ടാസ് പറഞ്ഞു.

മോദിയുടെയും അമിത്ഷായുടെയും പൊലീസ് എ.കെ.ജി ഭവനില്‍ ചെയ്യാന്‍ ശ്രമിച്ച കാര്യങ്ങളെ തെമ്മാടിത്തരമെന്ന് വിശേഷിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. പൊലീസ് മടങ്ങിപ്പോയതിന് പിന്നാലെയായിരുന്നു അദ്ദേഹം എ.കെ.ജി ഭവനിലെത്തിയത്.

ജന്തര്‍ മന്ദറില്‍ നിന്ന് സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ട് പോയ പോലെ ഐഷി ഘോഷിനെയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമമെന്നും ബേബി പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് എ.കെ.ജി ഭവനിലെത്തിയതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

Content Highlight: Delhi Police At AKG Bhavan- Move to Arrest Aishe Ghosh

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more