| Tuesday, 3rd November 2026, 6:29 pm

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ ആരോപണം: ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് എക്‌സിനോട് ദല്‍ഹി പൊലീസ്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (ഐ.എഫ്.എഫ്) അടക്കം മൂന്ന് അക്കൗണ്ടുകളും നാല്‍പ്പതോളം പോസ്റ്റുകളും നീക്കം ചെയ്യാന്‍ എക്‌സിനോട് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ്.

ഐ.എഫ്.എഫിന്റെ അക്കൗണ്ട്, അതിലെ ആറ് പോസ്റ്റുകള്‍, എസ്.എഫ്.എല്‍.സിയുടെയും ജിയോ ബ്ലോക് ഇന്ത്യ (@geoblockedindia)യുടെയും അക്കൗണ്ടുകള്‍, മറ്റ് 16 ഉപയോക്താക്കളുടെ പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ദല്‍ഹി പൊലീസ് സമൂഹമാധ്യമമായ എക്‌സിനോട് ആവശ്യപ്പെട്ടു. നോട്ടീസുകള്‍ പിന്‍വലിച്ചില്ലെങ്കല്‍ കോടതിയെ സമീപിക്കുമെന്ന് ഐ.എഫ്.എഫ് അറിയിച്ചു.

ഒക്ടോബര്‍ 29ന് ആര്‍.എസ്.എസിന്റെ പേരില്‍ ഐ.എഫ്.എഫ്, എസ്.എഫ്.എല്‍.സി, ജിയോബ്ലോക്ക് ഇന്ത്യ എന്നിവര്‍ക്ക് ‘ലീഗല്‍ നോട്ടീസ്’ ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ ബ്ലോക്കിങ് ഉത്തരവുകളെ വിമര്‍ശിക്കുന്നത് നിര്‍ത്തുക, നിയന്ത്രിക്കപ്പെട്ട ഉള്ളട്കം പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുക, ജിയോബ്ലോക്ക് ചെയ്യപ്പെട്ട പോസ്റ്റുകളുടെ വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക, ഏഴ് ദിവസത്തിനകം ഈ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കുക എന്നിവയായിരുന്ന ആവശ്യങ്ങള്‍. പേരുവെളിപ്പെടുത്താത്ത ‘ഓതറൈസ്ഡ് സിഗ്നേറ്ററി’ ആയിരുന്നു നോട്ടീസില്‍ ഒപ്പിട്ടിരുന്നത്.

എന്നാല്‍ ഈ ലീഗല്‍ നോട്ടീസ് ആധികാരികമല്ലെന്ന് പിന്നീട് ആര്‍.എസ്.എസ് ഭാരവാഹികള്‍ എക്‌സിലൂടെ അറിയിച്ചു. നോട്ടീസും അതിന് ഐ.എഫ്.എഫ് നല്‍കിയ മറുപടിയും ഒക്ടോബര്‍ 30ന് ഫൗണ്ടേഷന്‍ പ്രസിദ്ധികരിച്ചു.

ഐ.എഫ്.എഫിന്റെയും എസ്.എഫ്.എല്‍.സിയുടെയും ഓരോ പോസ്റ്റ് നീക്കണമെന്ന് ഒക്ടോബര്‍ 31ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍(ക്രൈം) എക്‌സിന് റിപ്പോര്‍ട്ട് നല്‍കി. ഭാരതീയ നിയമ സംഹിതയിലെ സെക്ഷന്‍ 356 പ്രകാരം അപകീര്‍ത്തിപ്പെടുത്തി എന്നതായിരുന്നു കാരണം. 40 യു.ആര്‍.എല്ലുകള്‍ കൂടി ഉള്‍പ്പെടുത്തി നവംബര്‍ 2ന് രണ്ടാമത്തെ റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ മൂന്ന് അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കാനാണ് ദല്‍ഹി പൊലീസ് ആവശ്യപ്പെട്ടത്.

രണ്ട് റിപ്പോര്‍ട്ടിലും കോടതി ഉത്തരവിന്റെ വിവരങ്ങള്‍ ശൂന്യമായിരുന്നു എന്ന് ഐ.എഫ്.എഫ് പറയുന്നു. പൊലീസ് നോട്ടീസ് സുതാര്യതയുടെ താത്പര്യാര്‍ത്ഥം എന്ന പേരില്‍ നവംബര്‍ മൂന്നിന് എക്‌സ് ഐ.എഫ്.എഫിന് കൈമാറി. ആവശ്യങ്ങളില്‍ എക്‌സ് നടപടിയെടുത്തോ എന്ന് ഇമെയിലുകളില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഐ.എഫ്.എഫ് പറയുന്നു.

നിയമനടപടിയെ അപലപിച്ച ഐ.എഫ്.എഫ് ഈ റിപ്പോര്‍ട്ടുകള്‍ നിയമവിരുദ്ധമാണെന്നാണ് പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശം പൊലീസിനെ ബാധിക്കുന്ന വിഷയമല്ലെന്നും ബാധിക്കപ്പെട്ട വ്യക്തിയുടെ പരാതിയില്ലാതെ ഇത് കോടതിയ്ക്ക് പരിഗണിക്കാനും മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ പൊലീസിന് അന്വേഷിക്കാനും ആവില്ലെന്ന് ഐ.എഫ്.എഫ് എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

ആര്‍എസ്എസിന്റെ പരാതിയോ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ നോട്ടീസുകളില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഐ.എഫ്.എഫ് പറഞ്ഞു.

‘പേരെടുത്തുപറയുന്ന സംഘടന തന്നെ ആ നിയമനോട്ടീസിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. സെന്‍സര്‍ഷിപ്പ് രേഖപ്പെടുത്തുന്ന മൂന്ന് സംഘടനകള്‍ ആ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട സ്വകാര്യ നിയമനോട്ടീസിന്റെ നിര്‍വഹണ ഏജന്‍സിയായി പൊലീസ് സേന മാറിയിരിക്കുകയാണ്,’ ഐ.എഫ്.എഫ് ആരോപിച്ചു.

ഇന്ത്യയില്‍ തടയപ്പെടുന്ന ഉള്ളടക്കങ്ങളുടെയും അവ തടയാന്‍ ഉത്തരവിട്ടവരുടെയും പൊതുരേഖകള്‍ സൂക്ഷിക്കുന്ന മൂന്ന് സംഘടനകളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടുന്നതിന് ഈ നോട്ടീസുകള്‍ വഴിയൊരുക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

പോസ്റ്റുകള്‍ പിന്‍വലിക്കില്ലെന്നും നോട്ടീസുകള്‍ ദല്‍ഹി പൊലീസ് പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഐ.എഫ്.എഫ് പറഞ്ഞു. ഭീഷണി ലഭിക്കുന്നയാള്‍ക്ക് അത് പ്രസിദ്ധീകരിക്കാനും മറുപടി പറയാനും അവകാശമുണ്ടെന്നും അത് അപകീര്‍ത്തിയല്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കണമെന്നും എക്‌സിനും ഐ.എഫ്.എഫിനും രേഖാമൂലം ഉറപ്പുനല്‍കുകയും വേണമെന്നാണ് ദല്‍ഹി പൊലീസിനോടുള്ള ഫൗണ്ടേഷന്റെ ആവശ്യം.

റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കരുതെന്നും ഇന്ത്യയില്‍ എന്തെങ്കിലും ഉള്ളടക്കം തടഞ്ഞുവയ്ക്കുന്നുവെങ്കില്‍, നടപടിക്ക് മുന്‍പ് ബാധിക്കപ്പെടുന്ന ഉപയോക്താവിനെ അറിയിക്കുകയും നിയമപരമായ സാധൂകരണം നല്‍കുകയും ചെയ്യണമെന്നും ഐ.എഫ്.എഫ് എക്‌സിനോട് ആവശ്യപ്പെട്ടു.

ഏതെങ്കിലും നോട്ടീസോ പൊലീസിനുള്ള പരാതിയോ അംഗീകരിച്ചിരുന്നോ എന്ന് പരസ്യമായി വ്യക്തമാക്കുകയും ഇല്ലെങ്കില്‍ ദല്‍ഹി പൊലീസിനോട് അത് പറയുകയും ചെയ്യണമെന്ന് ഐ.എഫ്.എഫ് ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടു.

Content Highlight: Delhi Police asks X to take down IFF’s account and posts. IFF will challenge the notices in court unless they are withdrawn.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more