| Friday, 25th July 2025, 9:46 pm

ദേഹത്ത് കത്തികൊണ്ടുള്ള 24 കുത്ത്; ദല്‍ഹിയില്‍ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പതിനാല് വയസുകാരനെ പതിമൂന്നംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തി. ആണ്‍കുട്ടിയുടെ ശരീരത്തില്‍ 24 തവണ കത്തികൊണ്ടുള്ള കുത്തേറ്റിരുന്നുവെന്നാണ് വിവരം.

ജൂലൈ ഒന്നിന് ദല്‍ഹിയിലെ ഒരു കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 30നാണ് പതിനാലുകാരന്‍ കൊല്ലപ്പെട്ടത്. എതിര്‍ സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് സംശയിച്ചാണ് പതിമൂന്നംഗ സംഘം കൊലപാതകം നടത്തിയത്.

സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി കുത്തേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബലപ്രയോഗത്തിലൂടെ മുറിവേറ്റ പാടുകളും കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ഉണ്ടായിരുന്നു. വീര്‍ ചൗക്ക് ബസാറിനടുത്ത് വെച്ചാണ് ആണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

കുട്ടിയെ തടഞ്ഞുനിര്‍ത്തിയ സംഘം പതിനാലുകാരനെ മോട്ടോര്‍ സൈക്കിളില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മുനാക് കനാലിന് സമീപത്തുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

മൃതദേഹം കണ്ടെത്തുമ്പോള്‍ ചെറുതായി അഴുകിയ നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരേശ്വര്‍ സ്വാമി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമായ്പൂര്‍ പൊലീസാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

നിലവില്‍ പ്രതികളായ 13 പേരില്‍ പത്ത് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 19 വയസുകാരനായ കൃഷ്ണയാണ് കേസിലെ മുഖ്യപ്രതി. പ്രതികളില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തരവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിടിയിലായ മൂന്ന് പ്രതികള്‍ സംഭവത്തിന് ശേഷം കന്‍വാര്‍ യാത്രികര്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുഖേന നടത്തിയ പരിശോധനയിലൂടെ ഇവരെ പിടികൂടുകയും ചെയ്തു. ഹരിദ്വാറില്‍ നിന്ന് മൂവരും പിടിയിലായത്.

ദീപക്, ചന്ദന്‍, സച്ചിന്‍ എന്നിവരാണ് കന്‍വാരികളുടെ ഇടയില്‍ ഒളിവില്‍ കഴിഞ്ഞത്. മീററ്റിലെ കന്‍വാര്‍ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ജൂലൈ 18ന് രാത്രി കന്‍വാരികളായി വേഷം മാറിയെത്തിയ പൊലീസ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 16 വയസിന് മുകളിലുള്ള പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കാന്‍ അപ്പീല്‍ നല്‍കുമെന്നും പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: 24 stab wounds on body; 14-year-old boy abused and murdered in Delhi

We use cookies to give you the best possible experience. Learn more