| Thursday, 30th July 2026, 11:45 am

കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ഐഷെ ഘോഷിനെതിരായ വാറണ്ട് റദ്ദാക്കി കോടതി

റെന്വര്‍ പി

ന്യൂദല്‍ഹി: 2021ല്‍ ബംഗ്ലാ ഭവന് മുന്നില്‍ പ്രതിഷേധിച്ചതിനെതിരായ കേസില്‍ എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെതിരായ ദല്‍ഹി പൊലീസിന്റെ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് റദ്ദാക്കിയത്. ഈ കേസില്‍ ഐഷെക്കിതിരായ വാറണ്ട് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ ഐഷെ ഘോഷോ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഐഷെ ഘോഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതും അവരെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് നീക്കം നടത്തിയതും.

അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് പിന്നാലെ ഇന്നലെ (ജൂലൈ 28, ബുധന്‍) ഐഷെ ഘോഷ് പട്യാല ഹൗസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു ഇന്ന് കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ്.

ഇന്ന് ഐഷെക്കെതിരായ കേസ് പരിഗണിച്ച കോടതി വാറണ്ട് റദ്ദാക്കുകയും ചെയ്തു. ഏപ്രിലില്‍ കോടതിയില്‍ ഹാജരാവാതിരുന്നത് സാങ്കേതിക കാരണങ്ങളാലാണെന്ന് ഐഷെയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചതായാണ് വിവരം. ഇതിന് ആയിരം രൂപ ഐഷെ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

ചൊവ്വാഴ്ച വൈകിട്ടോടെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയായിരുന്നു ദല്‍ഹി പൊലീസ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് വാഹനത്തിന് പകരം ഒരു സ്വകാര്യ വാഹനത്തിലെത്തിയ സംഘത്തില്‍ യൂണിഫോമിലുള്ള രണ്ട് പൊലീസുകാരും സിവില്‍ വേഷത്തിലുള്ള ഒരു ഉദ്യോഗസ്ഥയുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് നെയിം പ്ലേറ്റുമുണ്ടായിരുന്നില്ല.

സംഭവ സമയത്ത് എ.കെ.ജി ഭവനിലെത്തിയ ജോണ്‍ ബ്രിട്ടാസ് എം.പി ഇടപെട്ട് പൊലീസിനെ മടക്കി അയക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യണമെങ്കില്‍ ഔദ്യോഗിക വാഹനത്തിലും യൂണിഫോമിലും വരണമെന്ന് ബ്രിട്ടാസ് പൊലീസിനോട് പറയുകയും അവര്‍ മടങ്ങിപ്പോവുകയുമായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു ഐഷേ ഘോഷ്. ഐഷേ യെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഐഷെ ഘോഷിനെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമം ഭീരുത്വവും അപലപനീയവുമാണെന്ന് സി.ജെ.പി അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത ഒരാളെയും വെറുതെ വിടില്ലെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് ദല്‍ഹി പൊലീസിന്റെനീക്കത്തെക്കുറിച്ച് ജോണ്‍ ബ്രിട്ടാസും അഭിപ്രായപ്പെട്ടിരുന്നു.

2021ലെ കേസ് കുത്തിപ്പൊക്കിക്കൊണ്ട് ജന്തര്‍ മന്ദറിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അല്ല പോലീസ് നടപടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.

ഐഷെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ എം.എസ്.എഫ് കേന്ദ്ര കമ്മിറ്റിയും അപലപിച്ചിരുന്നു. ഐഷെ ഘോഷിന് താന്‍ പിന്തുണ അറിയിക്കുന്നതായ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അറിയിച്ചു.

ഐഷെ ഘോഷിനോട് എം.എസ്.എഫ് ദേശീയ കമ്മിറ്റി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രതിഷേധം വിജയിച്ചതിന്റെ പകയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കളെ ലക്ഷ്യമിടുന്നതിലേക്ക് കേന്ദ്ര സര്‍ക്കാരിനെ കൊണ്ടെത്തിച്ചതെന്നും അഹമ്മദ് സാജു പറഞ്ഞിരുന്നു.

Content Highlight: Delhi Patyala House Court Scrap Warrant Against Aishe Ghosh

</b

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more