| Monday, 12th October 2026, 11:32 am

ഗ്യാനേഷിനെതിരായ പ്രതിഷേധം: ചലോ ദല്‍ഹി മാര്‍ച്ചിന് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി ദല്‍ഹിയിലെ ആറ് മെട്രോ സ്റ്റേഷനുകളുടെ എന്‍ട്രി, എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിട്ടു. ഇന്ന് (ഒക്ടോബര്‍ 12, തിങ്കള്‍) വൈകിട്ട് നാല് മണിവരെ ഈ മെട്രോ ഗേറ്റുകള്‍ അടച്ചിടും.

ജന്‍പഥ്, മണ്ഡി ഹൗസ്, ബരാഖംബ റോഡ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക് തുടങ്ങിയ സ്‌റ്റേഷനുകളിലെ ഗേറ്റുകളാണ് അടച്ചിടുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് നടപടി. ഈ ആറ് സ്റ്റേഷനുകളിലും ട്രെയിന്‍ മാറിക്കയറാനുള്ള സൗകര്യം (ഇന്റര്‍ചേഞ്ച്) ലഭ്യമായിരിക്കുമെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.

‘ചലോ ദല്‍ഹി മാര്‍ച്ച് ഫോര്‍ ഡെമോക്രസി’ എന്ന പേരിലാണ് സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തുക. ഉച്ചയ്ക്ക് 1.30ന് കൊണാട്ട് പ്ലേസ് ബാരക്കംബ റോഡ് ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. പാര്‍ട്ടി, ജെന്‍ഡര്‍, ജാതി, സമുദായം, സംസ്ഥാനം എന്നിവയ്‌ക്കെല്ലാം അതീതമായി ഒറ്റക്കെട്ടായ ഇന്ത്യക്കാരായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള മാര്‍ച്ചായിരിക്കും ഇതെന്നും രാഹുല്‍ ഇന്നലെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘യുവാക്കളും പ്രതിപക്ഷനേതാക്കളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും ഭരണഘടനയ്ക്കൊപ്പം നില്‍ക്കുന്നവരും നാളെ ഞങ്ങളോടൊപ്പം നടക്കും’, രാഹുലിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

സേവ് ഡെമോക്രസി മാര്‍ച്ചിന് ദല്‍ഹി പോലീസ് ഇതിന് അനുമതി നിഷേധിക്കുകയും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരെ തടയാന്‍ ബാരിക്കേഡുകളും സ്‌പൈക്ക് സ്ട്രിപ്പുകളും സ്ഥാപിച്ചു. 40,000-ത്തിലധികം പോലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹി പൊലീസിന്റെ അതിക്രമങ്ങള്‍ നടന്നിരുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മുതല്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രിമാര്‍ ആടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും പൊലീസ് മര്‍ദിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ വലിച്ചിഴച്ച് കൊണ്ടുപോവുകയോ ചെയ്തിരുന്നു. സി.ജെ.പി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സേവ് ഡെമോക്രസി മാര്‍ച്ച് നടക്കുന്നത്.

Content Highlight: Delhi Metro shuts entry, exit gates at six stations ahead of Congress protest

Latest Stories

We use cookies to give you the best possible experience. Learn more