| Friday, 27th February 2026, 11:41 am

ദല്‍ഹി മദ്യനയ കേസ്; അരവിന്ദ് കെജിരിവാളിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി: സി.ബി.ഐ.ക്ക് കോടതി വിമര്‍ശനം

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെയും മുന്‍ ഉപമുഖ്യ മന്ത്രി മനോജ് സിസോദിയയേയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി വിചാരണ കോടതി.

ആംആദ്മി നേതാക്കള്‍ക്കെതിരായ ഗുഢാലോചന കേസില്‍ സി.ബി.ഐയ്ക്ക് തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി. റോസ് അവന്യൂ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജ് ജിതേന്ദര്‍ സിങിന്റെതാണ് വിധി.

പ്രോസിക്യൂഷന്റെ കേസ് നിലനില്‍ക്കില്ലെന്നും തെളിവുകളില്ലെന്നും കോടതി കണ്ടെത്തി. അരവിന്ദ് കെജിരിവാള്‍ അടക്കമുള്ള ആംആദ്മി നേതാക്കള്‍ ഗുഢാലോചന നടത്തിയെന്ന തരത്തിലായിരുന്നു കേസ്. എന്നാല്‍ ഇത്തരത്തിലൊരു വിശാല ഗൂഢാലോചന നടത്തിയതിന് തെളിവില്ലന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ ഉള്‍പ്പെട്ട 23പേരെയും കോടതി പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ വിചാരണ നേരിടേണ്ടതില്ല. അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ച കോടതി സി.ബി.ഐ.എയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

സി.ബി.ഐ സമര്‍പ്പിച്ച ആയിരം പേജോളം വരുന്ന കുറ്റ പത്രത്തില്‍ പിഴവുണ്ടെന്നും പ്രതികള്‍ക്കെതിരായി ഒരു കേസുപോലും സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വിധിക്കുശേഷം പൊട്ടികരഞ്ഞുകൊണ്ടാണ് അരവിന്ദ് കെജിരിവാള്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കെട്ടിചമച്ചതാണ് കേസെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍ കള്ളനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ സത്യം വിജയിച്ചു’- അരവിന്ദ് കെജിരിവാള്‍ പറഞ്ഞു.

2022 ലെ മദ്യ നയവുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആംആദ്മി നേതാക്കള്‍ക്കെതിരായ പ്രധാന ആരോപണം.

മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളില്‍ യാതൊരു തെളിവുകളുമില്ലെന്നും കോടതി കണ്ടെത്തി.

Content Highlight: Delhi liquor policy case; Arvind Kejriwal dropped from the list of accused: Court criticizes CBI

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more