| Sunday, 1st June 2025, 4:05 pm

മതപരേഡുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച സൈനികനെ പിരിച്ചുവിട്ട നടപടി ശരിവെച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മതപരേഡുകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ച് ദല്‍ഹി ഹൈക്കോടതി. സൈനിക ഉദ്യോഗസ്ഥന്റേത് അച്ചടക്കരാഹിത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം.

സാമുവല്‍ കമലേശന്‍ എന്ന ഉദ്യോഗസ്ഥന്റെ ഹരജി തള്ളിക്കൊണ്ടാണ് പിരിച്ചുവിടല്‍ നടപടി കോടതി ശരിവെച്ചത്. 2021ലാണ് കമാന്‍ഡിങ് ഓഫീസറായിരുന്ന സാമുവല്‍ കമലേശനെ പിരിച്ചുവിട്ടത്.

വാരാന്ത്യത്തിൽ നടക്കുന്ന മതപരേഡുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു പിടിച്ചുവിടല്‍.

എന്നാല്‍ പൂജ, ഹവനം, ആരതി തുടങ്ങിയ ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇളവ് തേടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സാമുവല്‍ പറയുന്നത്. അതേസമയം സൈനികന്റെ ആവശ്യം യൂണിറ്റിന്റെ ഐക്യത്തെ മോശമായി ബാധിച്ചെന്നും സൈനികരുടെ മനോവീര്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും സൈന്യം പറയുന്നു.

പിന്നാലെ സൈന്യത്തിന്റെ നടപടി ചോദ്യം ചെയ്ത് സാമുവല്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. മതപരേഡുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു ക്ഷേത്രവും ഗുരുദ്വാരയും മാത്രമാണ് റെജിമെന്റിലുള്ളതെന്നും സാമുവല്‍ കമലേശന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

പക്ഷെ ഹരജി പരിഗണിച്ച കോടതി, വിഷയം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാത്രം വരുന്നതല്ലെന്നും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ കാര്യമാണെന്നും പറഞ്ഞു.

ഒരു സാധാരണ പൗരന് ഈ നടപടി അപ്രായോഗികമായി തോന്നിയേക്കാം, പക്ഷെ സൈന്യത്തിന്റെ അച്ചടക്ക നിലവാരം വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിരിച്ചുവിടലിന് ഒരു മതപരമായ സ്വഭാവമുണ്ടെന്ന് പുറലോകത്തിന് തോന്നിയേക്കാമെന്നും എന്നാല്‍ ഇത് സൈനികര്‍ക്കിടയില്‍ ഐക്യം വളര്‍ത്തിയെടുക്കാനുള്ള നീക്കമാണെന്നും കോടതി പറഞ്ഞു.

മതവിശ്വാസങ്ങള്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നവരാണ് ഇന്ത്യന്‍ സേനകളെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ സൈനികനെതിരെ കോര്‍ട്ട് മാര്‍ഷല്‍ വിചാരണ നടത്തുന്നത് അപ്രായോഗികമാണെന്നും ഹൈക്കോടതി പറഞ്ഞു. കേസിന്റെ സ്വഭാവം വളരെ സെന്‍സിറ്റീവാണെന്നും കോടതി വ്യക്തമാക്കി.

2017 മാര്‍ച്ചിലാണ് കമലേശന്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മീഷന്‍ ചെയ്തത്. സിഖ്, ജാട്ട്, രജപുത്ര സൈനികരുടെ മൂന്ന് സ്‌ക്വാഡ്രണുകള്‍ ഉള്‍പ്പെടുന്ന കാവല്‍റി റെജിമെന്റിലാണ് കമലേശന്‍ സേവനമനുഷ്ഠിച്ചത്. പിന്നീട് അദ്ദേഹത്തെ സിഖ് സേനാംഗങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡ്രണ്‍ ബിയുടെ ട്രൂപ്പ് ലീഡറായും നിയമിച്ചിരുന്നു.

Content Highlight: Delhi Highcourt upholds dismissal of soldier who refused to participate in religious parades

We use cookies to give you the best possible experience. Learn more