8600 ലധികം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ സംഗീതജ്ഞനാണ് ഇളയരാജ. തമിഴിലും മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി ഇളയരാജയുടെ ഒട്ടനവധി ഗാനങ്ങളാണ് സംഗീതപ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. എന്നാല്‍ താന്‍ മുമ്പ് ചെയ്ത് വെച്ച ഗാനങ്ങളും ഈണങ്ങളും പുതിയ സിനിമകളില്‍ ഉപയോഗിക്കുന്നതിനെതിരെ കോടികളുടെ കോപ്പിറൈറ്റ് കേസുകള്‍ ഫയല്‍ ചെയ്യുന്ന ഇളയരാജയുടെ പ്രവര്‍ത്തികള്‍ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ മ്യൂസിക് റെക്കോര്‍ഡിങ് കമ്പനിയായ സരിഗമയുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് കേസില്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിന്നും ഇളയരാജക്ക് തിരിച്ചടിയേറ്റെന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സരിഗമയുടെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങള്‍ ഇളയരാജ അനധികൃതമായി ആമസോണ്‍ മ്യൂസിക്, ഐട്യൂണ്‍സ്. ജിയോസാവന്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്ന കേസിലാണ് നടപടി.
ഇളയരാജ. Photo: NewsMeter
സരിഗമയുടെ പേരില്‍ പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ഇളയരാജയുടെ പേരില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ അപ് ലോഡ് ചെയ്യുന്നതില്‍ നിന്നും വിലക്കിയാണ് ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന ഇളയരാജയുടെ വാദം തള്ളികൊണ്ടാണ് കോടതി വിധി. ഇത്തരത്തില്‍ ഇളയരാജ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഗാനം നല്‍കിയാല്‍ സരിഗമക്ക് ഇത് വലിയ നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
1957 ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരം മറ്റേതെങ്കിലും കരാര്‍ വഴി പകര്‍പ്പവകാശം കൊടുക്കാത്തിടത്തോളം കാലം ചിത്രത്തിന്റെ നിര്‍മാതാവാണ് ഗാനങ്ങളുടെ ആദ്യ ഉടമസ്ഥനെന്ന് സരിഗമ വാദിച്ചു. 1976 മുതല്‍ 2001 വരെ ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച വിവിധ ചിത്രങ്ങളുടെ നിര്‍മാതാവുമായുള്ള കരാര്‍ പ്രകാരം 134 ഗാനങ്ങളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സരിഗമയുടെ ഹരജി.
Content Highlight: Delhi high court restricts Ilayaraja from using 134 songs copy right issued to saregama
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ