ന്യൂദൽഹി: തീഹാർ ജയിൽ വളപ്പിൽ നിന്നും അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ഖബറിടങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി തള്ളി ദൽഹി ഹൈക്കോടതി. പാർലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെയും കശ്മീർ വിഘടനവാദിയായ മഖ്ബൂൽ ഭട്ടിന്റെയും മൃതദേഹമാണ് തീഹാർ ജയിൽ വളപ്പിൽ സംസ്കരിച്ചത്.
ഭീകരതയെ മഹത്വവത്കരിക്കുന്നതും ജയിൽ പരിസരം ദുരുപയോഗം ചെയ്യുന്നതും തടയാൻ ഖബറിടങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് വിശ്വവേദിക് സനാതൻ സംഘും ജിതേന്ദ്രൻ സിങ്ങും സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു. ജയിലിനുള്ളിലെ ഖബറിടങ്ങൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും പൊതുതാത്പര്യ വിരുദ്ധവുമാണെന്നും ഹരജിയിൽ പറയുന്നു.
ക്രിമിനലുകളായ ഇവരെ ആരാധിക്കാൻ തീവ്രവാദികൾ ഒത്തുകൂടുന്ന ഒരു തീർത്ഥാടന കേന്ദ്രമാക്കി ജയിലിനെ മാറ്റി അതുവഴി പൊതു ക്രമത്തെയും മതേതരത്തെയും ദുർബലപ്പെടുത്തുകയാണെന്നും ഹരജിയിൽ പറയുന്നു.
ആദരാഞ്ജലികൾ അർപ്പിക്കാൻ ആളുകൾ ഈ ഖബറിടങ്ങൾ സന്ദർശിക്കുന്നുവെന്ന് ഹരജിക്കാർ പറഞ്ഞു. എന്നാൽ ഹരജിയിലെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഡാറ്റകൾ ഹാജരാക്കാൻ കോടതി ഇവരോട് ആവശ്യപ്പെട്ടു.
എന്നാൽ മൃതദേഹങ്ങൾ ജയിൽ വളപ്പിനുള്ളിൽ ദഹിപ്പിക്കുന്നതിനോ സംസ്കരിക്കുന്നതിനോ നിയമപരമായി വിലക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 12 വർഷത്തിൽ കൂടുതൽ ആയാൽ ഖബറിടങ്ങൾ തുറക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
‘മൃതദേഹം കുടുംബത്തിന് നൽകിയാലോ തീഹാർ ജയിലിന് പുറത്ത് സംസ്കരിച്ചാലോ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് സർക്കാർ ജയിൽ വളപ്പിൽ മൃതദേഹം സംസ്കരിക്കാൻ തീരുമാനം എടുത്തത്. ഇവ വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. എല്ലാ വശങ്ങളും കണക്കിലെടുത്താണ് സർക്കാർ ഇത് തീരുമാനിച്ചത്. 12 വർഷത്തിന് ശേഷം ആ തീരുമാനത്തെ വെല്ലുവിളിക്കാൻ കഴിയില്ല,’ ബാർ ആൻഡ് ബെഞ്ച് ദൽഹി ഹൈക്കോടതിയെ ഉദ്ധരിച്ച് പറഞ്ഞു.
1984 ൽ ഫെബ്രുവരി 11 നാണ് മഖ്ബൂൽ ഭട്ടിനെ തൂക്കിലേറ്റിയത്. 2013 ഫെബ്രുവരിയിൽ അഫ്സൽ ഗുരുവിനെയും വധിച്ചു.
Content Highlight: Delhi High Court rejects plea seeking removal of tombs of Afzal Guru and Maqbool Bhat from Tihar Jail premises