ന്യൂദൽഹി: രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് കേന്ദ്ര സർക്കാർ ഓൺലൈൻ ന്യൂസ്പോർട്ടലായ 4 പി.എം ന്യൂസിന്റെ യൂട്യൂബ് ചാനലിന് ഏർപ്പെടുത്തിയ വിലക്ക് ഡൽഹി ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ചാനലിന്റെ ചീഫ് എഡിറ്റർ സഞ്ജയ് ശർമ്മയും 4 പി.എം ന്യൂസ് നെറ്റ്‌വർക്കും സമർപ്പിച്ച ഹരജിയിൽ ജസ്‌റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവാണ് ഉത്തരവിട്ടത്.
ചാനൽ പുനസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും കേന്ദ്രം കുറ്റമാരോപിക്കുന്ന 26 വീഡിയോകൾക്ക് വിലക്ക് തുടരും. പഹൽഗാം ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ചാനൽ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചെന്നും പാകിസ്ഥാന്റെ വാദങ്ങൾക്ക് ചുക്കാൻ പിടിച്ചെന്നുമായിരുന്നു കേന്ദ്രത്തിന്റെ പരാതി.
ചാനൽ സന്ദർഭോചിതമല്ലാത്തതും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
അധിക വരുമാനം ലക്ഷ്യമിട്ടാണ് ചാനലുകൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് വാദിച്ച സർക്കാർ ചാനലിന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 8.4 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ചാനലിനെ നിരോധിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചീഫ് എഡിറ്റർ സഞ്ജയ് ശർമ്മ കോടതിയിൽ പറഞ്ഞു. കൃത്യമായ നോട്ടീസ് നൽകുകയോ വിശദീകരണം കേൾക്കുകയോ ചെയ്യാതെയാണ് നടപടിയെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
ഐ.ടി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് സർക്കാർ നടപടി സ്വീകരിച്ചത്. മുമ്പും ഈ ചാനലിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് സമാനമായ നീതിയിൽ പിൻവലിക്കുകയായിരുന്നു.
Content Highlight: Delhi High Court quashes YouTube ban imposed by central government on 4 PM News