ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കണമെന്ന കേന്ദ്ര വിവരാവകാശക്കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ദല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് സ്‌റ്റേ നല്‍കിയത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചയാള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സര്‍വകലാശാലക്ക് കേന്ദ്ര വിവരവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവാണ് കോടതി സ്‌റ്റേ ചെയ്തത്.
മോദി ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്ന് പറയപ്പെടുന്ന 1978ല്‍, അതേ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു വിവരാവകാശ നിയമത്തിലൂടെ അപേക്ഷകന്‍ ആവശ്യപ്പെട്ടത്.
2016ല്‍ ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മോദിയോട് തന്റെ വിദ്യാഭ്യാസ ബിരുദങ്ങളെക്കുറിച്ച് സംസാരിക്കാനും അവ പരസ്യപ്പെടുത്താനും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിഷയം ശ്രദ്ധയില്‍ പെട്ടത്. 1978ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മോദി സൂചിപ്പിച്ചിരുന്നു.
കെജ്‌രിവാളിന്റെ പ്രസ്താവനക്കും ഒരു വര്‍ഷം മുമ്പ് നീരജ് ശര്‍മ എന്നയാള്‍ 1978ല്‍ ദല്‍ഹി സര്‍വകലാശാല നല്‍കിയ എല്ലാ ബിരുദങ്ങളുടെയും വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമത്തിലൂടെ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഒരു വ്യക്തിയുടെ സ്വകാര്യമാണെന്നും അത് പരസ്യപ്പെടുത്താനാകില്ലെന്നും പറഞ്ഞുകൊണ്ട് സര്‍വകലാശാല ആ അപേക്ഷ നിരസിച്ചിരുന്നു.
2016ല്‍ ഇതേ ആവശ്യവുമായി നീരജ് ശര്‍മ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. പിന്നാലെ 1978ല്‍ ബി.എ പ്രോഗ്രാം പാസായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പ്രൊഫ.എം. ആചാര്യലു ദല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ചു.
2017 ജനുവരിയില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. 2017ല്‍ കോടതി നീരജ് ശര്‍മക്ക് നോട്ടീസയക്കുകയും ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തു. ഈ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രാജ്യത്തെ ബിരുദ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിശ്വസ്തതയോടെ സൂക്ഷിക്കുകയുമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
Content Highlight: Delhi High Court ordered stay to CIC’s order to issue Modi’s Degree details