ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് (സി.ജെ.പി) നിര്‍ദേശം നല്‍കി ദല്‍ഹി ഹൈക്കോടതി.
സി.ജെ.പിക്കെതിരെ ഭാട്ടിയ നല്‍കിയ മാനനഷ്ട് കേസിലെ വാദം കേള്‍ക്കുന്നതിനിടെയാണ് വിഷയത്തില്‍ ഒത്തു തീര്‍പ്പിന് കോടതി നിര്‍ദേശം നല്‍കിയത്. പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് സി.ജെ.പി കോടതിയില്‍ സമ്മതിച്ചു.
24 മണിക്കൂറിനകം പോസ്റ്റുകള്‍ സ്വമേധയാ നീക്കിയാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല നിര്‍ദേശിച്ചു.
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരാണ് ഭാട്ടിയക്കെതിരായ പോസ്റ്റുകള്‍ പങ്കുവെച്ചത്.
ഭാട്ടിയയെക്കുറിച്ച് സ്വതന്ത്ര ഭാരദ്വാജുമായി ബന്ധപ്പെട്ട് ‘ദിമാഗി നക്‌സല്‍’ ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിക്കുന്ന ഒരു എ.ഐ-നിര്‍മിത ഗ്രാഫിക്‌സ് ആണ് വിവാദമായത്. താന്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും ഭാട്ടിയ കോടതിയെ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഭാട്ടിയ സി.ജെ.പിക്കും നേതാക്കള്‍ക്കുമെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. പോസ്റ്റ് നീക്കണമെന്നും അപകീര്‍ത്തികരമായ ഉള്ളടക്കം വീണ്ടും പ്രചരിപ്പിക്കുന്നത് തടയണമെന്നും ഭാട്ടിയ ആവശ്യപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും കോടതി സി.ജെ.പി നേതാക്കളോട് നിര്‍ദേശിച്ചു.
എന്നാല്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഭാട്ടിയയ്ക്ക് എതിര്‍ കക്ഷികളുമായി സംസാരിക്കാന്‍ ശ്രമിക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
Content Highlights: Delhi High Court directs CJP to remove posts against Gaurav Bhatia within 24 hours.