ന്യൂദല്‍ഹി: പാസ്പോര്‍ട്ട് ഫീസ് വര്‍ധനയില്‍ മൂന്നാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം. പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള പാസ്പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കേരള ഘടകം വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.
ഇന്ത്യയിലെ അപേക്ഷകരേക്കാള്‍ ഏകദേശം 330 മുതല്‍ 359 ശതമാനം വരെ ഫീസാണ് പ്രവാസികള്‍കൂടുതലായി നല്‍കേണ്ടിവരുന്നതെന്നും, ഇതിന് പുറമെ വി.എഫ്.എസ്/ബി.എല്‍.എസ് സര്‍വീസ് ചാര്‍ജ്, കൊറിയര്‍ ഫീസ്, യാത്രാചെലവ്, രേഖാചെലവ്, തൊഴില്‍ദിന നഷ്ടം തുടങ്ങിയ അധികബാധ്യതകള്‍ ഉണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്പോര്‍ട്ട് ഫീസ് യുക്തിസഹമായി കുറയ്ക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി തൊഴിലാളികള്‍ക്കും തൊഴില്‍ വിസയിലുള്ളവര്‍ക്കും പ്രത്യേക ഇളവ് നല്‍കുക, ഫീസ് വര്‍ധനയുടെ ചെലവുകണക്കും ന്യായീകരണവും പരസ്യപ്പെടുത്തുക, നിര്‍ബന്ധിത ഔട്ട്സോഴ്സിങ് ചാര്‍ജുകള്‍ പുനഃപരിശോധിക്കുക തുടങ്ങിയവയാണ് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടത്.
2026 ജൂലൈ 22ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി തന്നെ നിവേദനമായി പരിഗണിച്ച് നിയമാനുസൃതമായ ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും, അതിന്റെ വിവരം പ്രവാസി ലീഗല്‍ സെല്ലിനെ അറിയിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പ്രവാസി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പാസ്പോര്‍ട്ട് എന്നത് ഒരു യാത്രാരേഖ മാത്രമല്ല. വിദേശത്ത് നിയമാനുസൃതമായി താമസിക്കാനും ജോലി ചെയ്യാനും വിസ പുതുക്കാനും ഉപജീവനം നടത്താനും അനിവാര്യമായ അടിസ്ഥാനരേഖയാണ്. പ്രവാസി തൊഴിലാളികളുടെ ആശങ്കകള്‍ അവഗണിക്കാതെ നിശ്ചിത സമയപരിധിക്കുള്ളില്‍ ഔദ്യോഗികമായി പരിഗണിക്കണമെന്നതാണ് ദല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പ്രധാന്യമെന്ന് പ്രവാസി ലീഗല്‍ സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിദേശത്ത് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് ഫീസ് യുക്തിസഹമായി പുനക്രമീകരിക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കുക, നിര്‍ബന്ധിത ഔട്ട്സോഴ്സിങ് സര്‍വീസ് ചാര്‍ജുകള്‍ പുനപരിശോധിക്കുക, വര്‍ധിപ്പിച്ച ഫീസ് നിശ്ചയിച്ചതിന്റെ അടിസ്ഥാനവും ചെലവുകണക്കുകളും പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നതതെന്നും പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ നീതിയുക്തവും പ്രവാസി സൗഹൃദപരവുമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരവും ജനാധിപത്യപരവുമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രവാസി ലീഗല്‍ സെല്‍ ബാധ്യസ്ഥമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Content Highlight: Delhi High Court directs Central Government to decide on passport fee hike for expatriates within three weeks; order follows a petition by the Pravasi Legal Cell.