| Friday, 19th September 2025, 5:13 pm

മറ്റ് കമ്പനികളെ വിലകുറച്ച് കാണിച്ചല്ല പരസ്യം ചെയ്യേണ്ടത്; ഡാബര്‍ ച്യവനപ്രാശ്യത്തിനെതിരായ പരസ്യത്തില്‍ പതജ്ഞലിക്ക് കോടതിയുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡാബര്‍ ച്യവനപ്രാശിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടരുമെന്ന പതഞ്ജലി ആയുര്‍വേദിന്റെ നിലപാടിനെതിരെ ദല്‍ഹി ഹൈക്കോടതി.

നേരത്തെ ഡാബര്‍ ച്യവനപ്രാശിനെതിരായ പരാമര്‍ശങ്ങളുള്ള പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയോട് നിര്‍ദേശിച്ചിരുന്നു.

ഇതിനെതിരെയാണ് പതഞ്ജലി കോടതിയെ സമീപിച്ചത്. എല്ലാ കേസിലും അപ്പീലുമായി കോടതിയിലെത്തേണ്ടതില്ലെന്ന് പതഞ്ജലിയുടെ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.

പതഞ്ജലിയുടെ അപ്പീലില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഇത് ഒരു പൊതുഅവഹേളനത്തെ സംബന്ധിക്കുന്ന കേസാണ്. അപ്പീല്‍ നിസാരമാണെന്ന് കോടതി കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്നും ഡിവഷന്‍ ബെഞ്ച് പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് സി. ഹരിശങ്കര്‍, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം.

ഇന്ന് (വെള്ളിയാഴ്ച) നടന്ന വാദത്തിനിടെ, പതഞ്ജലി കമ്പനി പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക പ്രയോഗങ്ങളേയും കോടതി വിമര്‍ശിച്ചു. ‘എന്തിനാണ് 40 ഔഷധ സസ്യങ്ങളടങ്ങിയ ച്യവനപ്രാശത്തില്‍ തന്നെ കുരുങ്ങിക്കിടക്കുന്നത്’ എന്നര്‍ത്ഥം വരുന്ന വാചകത്തെ കോടതി ചോദ്യം ചെയ്തു.

ഇത് ഡാബറിന്റെ ഉത്പന്നത്തെ ഉദ്ദേശിച്ചുള്ളതാണെന്നും, നേരത്തെ മുതല്‍ തന്നെ ഡാബര്‍ ച്യവനപ്രാശം 40 ഔഷധ സസ്യങ്ങളടങ്ങിയത് എന്ന നിലയില്‍ പ്രശസ്തമാണെന്നും കോടതി പറഞ്ഞു.

ഈ രീതിയില്‍ പരസ്യം നല്‍കി പതഞ്ജലി പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഡാബറിന്റെ ഉത്പന്നത്തെ വിലകുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. ഈ പരസ്യം ജനങ്ങളില്‍ ഒരു താരതമ്യത്തിനിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

പതഞ്ജലിയുടെ പരസ്യം മറ്റ് ച്യവനപ്രാശ കമ്പനികളേയും വിലകുറച്ചുകാണിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ‘ആയുര്‍വേദത്തിലും വേദങ്ങളിലും ജ്ഞാനമില്ലാത്ത’ എന്നുതുടങ്ങുന്ന വാചകം അര്‍ത്ഥമാക്കുന്നത് പതഞ്ജലിക്ക് അല്ലാതെ മറ്റാര്‍ക്കും ച്യവനപ്രാശം ഉണ്ടാക്കാന്‍ അറിയില്ലെന്നതാണെന്നും ഇത് മറ്റ് കമ്പനികളുടെ ഉത്പന്നങ്ങളെ അപമാനിക്കുന്നതാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ജൂലൈ മൂന്നിന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഡാബര്‍ ച്യവനപ്രാശിനെ ലക്ഷ്യംവെച്ചുള്ള പതഞ്ജലിയുടെ പരസ്യങ്ങളെ വിലക്കികൊണ്ട് ഉത്തരവിട്ടിരുന്നു. പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു കോടതി അന്ന് ഉത്തരവിട്ടത്. അതേസമയം, കൂടുതല്‍ വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ 23ലേക്ക് മാറ്റി.

Content Highlight: Delhi high court criticizes Baba Ram Dev’s Patanjali

We use cookies to give you the best possible experience. Learn more