നടനും നിര്‍മതാവുമായ രവി മോഹന്‍ നായകനാകുന്ന ബ്രോ കോഡ് എന്ന ചിത്രത്തിന് തിരിച്ചടി. ചിത്രത്തിന് ബ്രോ കോഡ് എന്ന ടൈറ്റില്‍ ഉപയോഗിക്കാനാകില്ലെന്നാണ് ദല്‍ഹി ഹൈക്കോടതി അറിയിച്ചത്. ബ്രോ കോഡ് ബിയറിന്റെ നിര്‍മാതാക്കളായ ഇന്‍ഡോ സ്പിരിറ്റ് ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
ബ്രോ കോഡ് എന്നത് തങ്ങളുടെ ട്രേഡ് മാര്‍ക്ക് പേരാണെന്നും അത് അനുമതിയില്ലാതെയാണ് സിനിമയില്‍ ഉപയോഗിച്ചതെന്നും ഇന്‍ഡോസ്പിരിറ്റ് അറിയിച്ചു. ഈ പേര് സിനിമയില്‍ ഉപയോഗിക്കുന്നത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അതിനാല്‍ സിനിമക്ക് ബ്രോ കോഡ് എന്ന പേര് നല്‍കുന്നത് അനുവദിക്കാനാകില്ലെന്നും അവര്‍ വാദിച്ചു.
എന്നാല്‍ ഇന്‍ഡോ സ്പിരിറ്റ് ബ്രോ കോഡ് എന്ന പേര് ട്രേഡ്മാര്‍ക്കായി എവിടെയും സൂചിപ്പിച്ചിട്ടില്ലെന്ന് രവി മോഹന്‍ സ്റ്റുഡിയോ വാദിച്ചു. വിനോദ വിഭാഗം കൈകാര്യം ചെയ്യുന്ന ക്ലാസ് 41ല്‍ ഇന്‍ഡോ സ്പിരിറ്റ് ഈ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്റ്റുഡിയോ വാദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പിന്തുടര്‍ന്നാണ് തങ്ങള്‍ ഈ ടൈറ്റില്‍ ഉപയോഗിച്ചതെന്നും രവി മോഹന്‍ സ്റ്റുഡിയോസ് അറിയിച്ചു.
എന്നാല്‍ ഈ വാദങ്ങള്‍ നിലനില്ക്കില്ലെന്നും ബ്രോ കോഡ് എന്ന ടൈറ്റിലില്‍ ഇന്‍ഡോ സ്പിരിറ്റിനാണ് അവകാശമെന്നും കോടതി പറയുന്നു. ഈ പേര് ഉപയോഗിക്കാതെ സിനിമയുടെ വര്‍ക്കുകള്‍ തുടരാമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സ്‌റ്റേ വിധിച്ചത്. കേസില്‍ കൂടുതല്‍ വാദം ഡിസംബര്‍ 23ന് കേള്‍ക്കുമെന്നും ജസ്റ്റിസ് തേജസ് കരിയയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു.
ഓഗസ്റ്റിലാണ് രവി മോഹന്‍ തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ രവി മോഹന്‍ സ്റ്റുഡിയോസ് ലോഞ്ച് ചെയ്തത്. ആദ്യത്തെ മൂന്ന് സിനിമകള്‍ ഇതിനോടൊപ്പം അനൗണ്‍സ് ചെയ്തിരുന്നു. രവി മോഹന്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ആന്‍ ഓര്‍ഡിനറി മാന്‍, കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ബ്രോ കോഡ്, ശക്തിവേല്‍ സംവിധാനം ചെയ്യുന്ന കാക്കി സ്‌ക്വാഡ് എന്നീ സിനിമകളാണ് അനൗണ്‍സ് ചെയ്തത്.
എസ്.ജെ. സൂര്യ, അര്‍ജുന്‍ അശോകന്‍, രവി മോഹന്‍ എന്നിവരാണ് ബ്രോ കോഡിലെ നായകന്മാര്‍. ശ്രദ്ധ ശ്രീനാഥ്, ഗൗരി പ്രിയ, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കന്നഡ താരം ഉപേന്ദ്രയും ബ്രോ കോഡില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlight: Delhi High Court ban the title of Ravi Mohan’s new movie Bro Code