| Tuesday, 21st July 2026, 2:59 pm

വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാം; ദല്‍ഹി ഹൈക്കോടതിയുടെ അനുമതി

റെന്വര്‍ പി

ന്യൂദല്‍ഹി: സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ ആശുപത്രിയായ ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ദല്‍ഹി ഹൈക്കോടതിയുടെ അനുമതി. നേരത്തെ ഈ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വാങ്ചുക്കിന്റെ പങ്കാളി ഗീതാഞ്ജലി ആങ്‌മോ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി.

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് മെദാന്ത ആശുപത്രിയിലേക്ക് മാറ്റാനാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. മെദാന്തയിലേക്കോ ഹരജിക്കാര്‍ പറയുന്ന മറ്റേതെങ്കിലും ആശുപത്രിയിലേക്കോ വാങ്ചുക്കിനെ മാറ്റാന്‍ നിര്‍ദേശിക്കുന്നതായി ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബഞ്ച് വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോഴും വാങ്ചുക്കിനെ പരിശോധിച്ച ഡോക്ടര്‍മാരോട് സംസാരിച്ചപ്പോഴും അദ്ദേഹത്തിന് നിരന്തരമായ നിരീക്ഷണം ആവശ്യമുണ്ടെന്ന് മനസിലായതായി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വാങ്ചുക്കിനെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ പറ്റുന്ന ആശപത്രിയിലാക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ വാങ്ചുക്കിനെ ഹരജിക്കാര്‍ പറയുന്ന ആശുപത്രിയിലേക്ക് മാറ്റാമെന്ന് കോടതി നിരീക്ഷിച്ചു.

കോടതിയില്‍ കേന്ദ്രസര്‍ക്കാരിനും ദല്‍ഹി പൊലീസിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹരജിയിലെ ആവശ്യങ്ങളോട് എതിര്‍പ്പില്ലെന്ന് അറിയിച്ചു. വാങ്ചുക്കിനെ ആശുപത്രി മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശമില്ലാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും മേഹ്ത വ്യക്തമാക്കി.

സഫ്ദര്‍ജംഗ് ആശുപത്രിയിലെ തന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി വാങ്ചുക് അയച്ച കത്തിനെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ കോടതിയില്‍ സൂചിപ്പിച്ചു. ആശുപത്രിയിലെ പൊലീസ് സാന്നിദ്ധ്യവും ഫോണുപയോഗിക്കാനുള്ള നിയന്ത്രണവും നിരീക്ഷണവും അടക്കമുള്ള പ്രശ്‌നങ്ങളായിരുന്നു വാങ്ചുക് കത്തില്‍ ചൂണ്ടിക്കാട്ടിയത്.

വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ഔപചാരിക ഉത്തരവ് ഉടന്‍ തന്നെയുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. സഫ്ദര്‍ജംഗ് ആശുപത്രിയിലെ അദ്ദേഹത്തിന്റെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ മെദാന്ത ആശുപത്രിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഞായറാഴ്ചയും ആങ്‌മോ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗീതാഞ്ജലി ആങ്‌മോ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ആദ്യ ഹരജിയിലെ തെറ്റുകള്‍ തിരുത്തി വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഞായറാഴ്ചത്തെ കോടതി ഉത്തരവിന് ശേഷം ആങ്‌മോ പറഞ്ഞിരുന്നു.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം തുടരുകയായിരുന്ന വാങ്ചുക്കിനെ ശനിയാഴ്ചയാണ് ജന്തര്‍ മന്ദറിലെ സമര വേദിയില്‍നിന്ന് സിവില്‍ വേഷത്തിലെത്തിയ ദല്‍ഹി പൊലീസ് സംഘം ബലം പ്രയോഗിച്ച് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ സഫ്ദജര്‍ജംഗ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Content Highlight: Delhi High Court Allows Sonam Wangchuk to be Shifted to Medanta Hospital

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more