| Saturday, 16th May 2026, 2:39 pm

പരാതിക്കാരി തയ്യാറല്ലെങ്കില്‍ ബലാത്സംഗക്കേസുകളില്‍ ആന്തരിക പരിശോധയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ പരാതിക്കാരിയായ പെണ്‍കുട്ടി തയ്യാറല്ലെങ്കില്‍ അവരെ ആന്തരിക ശരീര പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. പരിശോധനയ്ക്ക് പെണ്‍കുട്ടി തയ്യാറല്ലെങ്കില്‍ അതിലേക്ക് അവരെ വലിച്ചിഴയ്‌ക്കേണ്ട ഒരു കാര്യവും സര്‍ക്കാര്‍ സംവിധാനത്തിന് ഇല്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യയുടെ ആദ്യവിവാഹത്തിലുള്ള മകളായ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളവെയാണ് കോടതിയുടെ നിരീക്ഷണം. ഈ കേസില്‍ തന്നെ തെറ്റായി പ്രതിചേര്‍ത്തിരിക്കുകയാണെന്നും സംഭവം നടന്നതായി പറയുന്ന സമയത്ത് പെണ്‍കുട്ടിക്ക് 11 വയസ്സിലും എത്രയോ കൂടുതല്‍ പ്രായമുണ്ടായിരുന്നെന്നും പറഞ്ഞാണ് പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയുടെ മാതാവ് ആന്തരിക വൈദ്യ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നെങ്കിലും പെണ്‍കുട്ടി ആ നടപടിക്ക് സമ്മതിച്ചില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ ജസ്റ്റിസ് കത്പാലിയ കുട്ടിക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശം മാനിക്കപ്പെടുക എന്നത് പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി. ‘ പെണ്‍കുട്ടിക്ക് ഈ പരിശോധനയോട് താത്പര്യമില്ലെങ്കില്‍ അവരുടെ സ്വന്തം ശരീരത്തിന്മേലുള്ള അവകാശം മാനിക്കപ്പെടുക എന്നത് പ്രധാനമാണ്. അത്തരം പരിശോധനയ്ക്കായി നിര്‍ബന്ധിച്ച് അവരുടെ മുറിവിലേക്ക് അപമാനം ചാര്‍ത്തേണ്ട കാര്യം ഭരണകൂടത്തിനില്ല,’ ജസ്റ്റിസ് കത്പാലിയ നിരീക്ഷിച്ചു.

പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച പ്രതിഭാഗം വാദങ്ങളും കോടതി തള്ളി. പ്രതി തന്നെ സമര്‍പിച്ച രേഖകള്‍ അപ്പോള്‍ പെണ്‍കുട്ടിക്ക് 11 വയസ്സായിരുന്നു എന്ന് തെളിയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്ക് എത്ര വയസ്സാണെന്നാണ് പ്രതി കരുതിയിരുന്നതെന്ന ചോദ്യത്തിന് പ്രതിഭാഗം ഉത്തരം നല്‍കിയില്ലെന്നും കോടതി പറഞ്ഞു.

അതിജീവിതിയുടെ സമ്മതം സംബന്ധിച്ച ഒരു വാദവും പ്രതിഭാഗം ഉന്നയിച്ചിട്ടില്ല. സമ്മതം സംബന്ധിച്ച ഒരു മറുപടിയും പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ ഇല്ലാതിരുന്നു എന്നതിനാല്‍ അതിജീവിത പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെങ്കിലും അല്ലെങ്കിലും അത് കൊണ്ട് പ്രതിക്ക് വലിയ കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: State cannot force girl to undergo internal bodily examination in rape case-Delhi HC

We use cookies to give you the best possible experience. Learn more