| Tuesday, 11th March 2025, 7:15 pm

പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്ന പരാതി; കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നല്‍കിയത്.

2019ല്‍ നല്‍കിയ പരാതിയിലാണ് നടപടി. കെജ്‌രിവാളും മുന്‍ എ.എ.പി എം.എല്‍.എ ഗുലാബ് സിങ്ങും ദ്വാരക കൗണ്‍സിലര്‍ നിതിക ശര്‍മയും ചേര്‍ന്ന് പാര്‍ട്ടി ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി. പ്രസ്തുത പരാതി 2022 സെപ്റ്റംബറില്‍ ഒരു മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പരാതി തള്ളിയിരുന്നു.

പിന്നീട് വിചാരണ കോടതിയുടെ നടപടി റദ്ദാക്കിയ സെഷന്‍ കോടതി,  പുനഃപരിശോധനക്കായി മജിസ്ട്രേറ്റിന് പരാതി തിരിച്ചയച്ചിരുന്നു. ഈ പരാതി പുനഃപരിശോധിച്ച ശേഷമാണ് കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

മാര്‍ച്ച് 18നകം ഉത്തരവിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദല്‍ഹി പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. കെജ്‌രിവാളിനെതിരായ പുതിയ ഹരജി, സി.ആര്‍.പി.സി സെക്ഷന്‍ 156(3) പ്രകാരമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ ദല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാള്‍ ജാമ്യത്തിലാണ്. നേരത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ പണം ആം ആദ്മി പദ്ധതികളുടെ പരസ്യത്തിനായി ചെലവഴിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

ബിസിനസ് ബ്ലാസ്റ്റേഴ്സ് പദ്ധതിക്ക് 54.08 കോടി രൂപ അനുവദിച്ച എ.എ.പി സര്‍ക്കാര്‍, അതിന്റെ പ്രമോഷനായി 80.02 കോടി രൂപ ചെലവാക്കിയതായാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.

ദേശ് കെ മെന്റേഴ്സ് പദ്ധതിക്ക് 1.9 കോടി രൂപ അനുവദിച്ചപ്പോള്‍ പരസ്യത്തിനായി 27.90 കോടി രൂപയും പരാളി (സ്റ്റബിള്‍) മാനേജ്മെന്റ് പദ്ധതിക്ക് 77 ലക്ഷം രൂപ നല്‍കിയപ്പോള്‍ അതിന്റെ പ്രമോഷനായി 27.89 കോടി രൂപ ചെലവഴിച്ചെന്നുമായിരുന്നു മറ്റൊരു ആരോപണം.

Content Highlight: Delhi Court Orders FIR Against Kejriwal And AAP Leaders

We use cookies to give you the best possible experience. Learn more