| Friday, 23rd May 2025, 5:27 pm

ആം ആദ്മി നേതാവിന്റെ പങ്കാളി നൽകിയ മാനനഷ്ടക്കേസിൽ കേന്ദ്രമന്ത്രി നിർമല സീതാരാമന് നോട്ടീസ് അയച്ച് ദൽഹി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) നേതാവും 2024 ലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ സോമനാഥ് ഭാരതിയുടെ പങ്കാളി ലിപിക മിത്ര നൽകിയ മാനനഷ്ടക്കേസിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നോട്ടീസ് അയച്ച് ദൽഹി കോടതി.

2024 ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ, ലിപിക മിത്രയെയും സോമനാഥ്‌ ഭാരതിയെയും ലക്ഷ്യമിട്ട് നിർമല സീതാരാമൻ അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ബി.എൻ.എസ് 2023 ലെ സെക്ഷൻ 356(1), 356(2) എന്നിവ പ്രകാരമാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

അവരുടെ പ്രസ്താവനകൾ തന്റെ ഭർത്താവിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും ന്യൂദൽഹി പാർലമെന്ററി മണ്ഡലത്തിൽ നിന്ന് ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി അദ്ദേഹം വിജയിക്കാനുള്ള സാധ്യത കുറച്ചുവെന്നും ലിപിക പറഞ്ഞു.

നിർമല സീതാരാമന്റെ പ്രസ്താവനകൾ ഭാരതിക്ക് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പൊതു സ്ഥാനത്തിന് കോട്ടം വരുത്തിയെന്നും പരാതിയിൽ പറയുന്നു.

സോമനാഥ് ഭാരതിയുടെ പ്രശസ്തിക്കും തെരഞ്ഞെടുപ്പിലെ വിജയത്തിനും കോട്ടം വരുത്താൻ വേണ്ടി ധനമന്ത്രി ദമ്പതികൾ തമ്മിലുള്ള പഴയ വ്യക്തിപരമായ തർക്കങ്ങൾ മനപൂർവം പരാമർശിച്ചതായി ലിപിക പറഞ്ഞു. മുൻകാലങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ പരിഹരിക്കപ്പെട്ടിരുന്നുവെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

പരാതിയിൽ വാദം കേട്ട അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ മെയ് 19 ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ..എസ്.എസ് ) വ്യവസ്ഥകൾ പ്രകാരം ധനമന്ത്രിക്ക് നോട്ടീസ് നൽകണമെന്ന് പ്രസ്താവിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

‘വിഷയം അന്വേഷണ ഘട്ടത്തിലാണ്. ബി.എൻ.എസ്.എസ് സെക്ഷൻ 223 ലെ ആദ്യ വ്യവസ്ഥ അനുസരിച്ച്, നിർദിഷ്ട പ്രതിക്ക് വാദം കേൾക്കാൻ അവസരം നൽകണം. അതനുസരിച്ച്, ഇന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ പി.എഫ് ഫയൽ ചെയ്താൽ, പ്രതിക്ക് നോട്ടീസ് നൽകട്ടെ,’ കോടതി ഉത്തരവിട്ടു. കേസിൽ വാദം ജൂൺ 12 ന് കേൾക്കും.

Content Highlight: Delhi Court Issues Notice To Union Minister Nirmala Sitharaman In Defamation Case By AAP Leader’s Wife

We use cookies to give you the best possible experience. Learn more