ന്യൂദല്‍ഹി: മിയ മുസ്‌ലിങ്ങള്‍ക്കെതിരായ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ദല്‍ഹി കോടതി നോട്ടീസ്. ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയിലാണ് ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സോനു അഗ്‌നിഹോത്രി നോട്ടീസ് പുറപ്പെടുവിച്ചത്.
2026 ജനുവരി 27ന് അസമിലെ ടിന്‍സുക്കിയ ജില്ലയിലുള്ള ഡിഗ്‌ബോയിയില്‍ നടന്ന ഒരു ചടങ്ങില്‍ ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പ്രസ്താവനകളാണ് പരാതിക്ക് കാരണം.
അസം വോട്ടര്‍ പട്ടിക പരിഷ്‌കരണ വേളയില്‍ ‘നാലോ അഞ്ചോ ലക്ഷം മിയ വോട്ടര്‍മാരെ’ നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായി ഹരജിയില്‍ ആരോപിക്കുന്നു.
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്. ഇവരെ പലപ്പോഴും ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കാറുണ്ട്. മിയ വിഭാഗത്തെ കഷ്ടപ്പെടുത്തണമെന്നും എന്നാല്‍ മാത്രമേ അവര്‍ അസം വിട്ടുപോകൂ എന്ന് ശര്‍മ പ്രസംഗിച്ചതായും ഹരജിക്കാരന്‍ പരാതിയില്‍ സൂചിപ്പിക്കുന്നു.
നേരത്തെ ഒരു മജിസ്ട്രേറ്റ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ഷ് മന്ദര്‍ റിവിഷന്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്.
കുറ്റം നടന്ന സ്ഥലം നോക്കാതെ ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാമെന്ന ‘സീറോ എഫ്.ഐ.ആര്‍’ (Zero FIR) വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ഈ കേസ് 2026 ജൂലൈ 15ന് കോടതി വീണ്ടും പരിഗണിക്കും.
മറ്റൊരു വശത്ത്, തനിക്കെതിരെയുള്ള വിദ്വേഷ പ്രസംഗ പരാതികളില്‍ മുഖ്യമന്ത്രി ശര്‍മ ഗുവാഹത്തി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
തന്റെ അഭിമുഖങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായ അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി.
പരാതിക്കാര്‍ നല്‍കിയ വാര്‍ത്താ ക്ലിപ്പിങ്ങുകള്‍ തന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ വികലമാക്കുന്നവയാണെന്നും, അതിനാല്‍ അഭിമുഖങ്ങളുടെ പൂര്‍ണമായ റെക്കോര്‍ഡിങ്ങുകളും എഡിറ്റ് ചെയ്യാത്ത ട്രാന്‍സ്‌ക്രിപ്റ്റുകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടര്‍മാര്‍ സ്വന്തം വ്യാഖ്യാനങ്ങള്‍ ചേര്‍ത്ത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവില്‍ ഇതേ വിഷയത്തില്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്നും ശര്‍മ കോടതിയെ അറിയിച്ചു.
ഈ കേസ് ഓഗസ്റ്റ് 6ന് കോടതി വീണ്ടും പരിഗണിക്കും.
Content Highlight: Delhi Court Issues Notice to Himanta Sarma Over Remarks Against ‘Miya Muslims’