| Tuesday, 25th February 2025, 11:09 pm

ഗുജറാത്തിനെ തൂക്കിയടിച്ച് ദല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യു.പി.എല്ലില്‍ തകര്‍പ്പന്‍ കുതിപ്പ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജയിന്റ്‌സ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ക്യാപിറ്റല്‍സ് 15.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയാണ് ഗുജറാത്തിനെ മറികടന്നത്. ഇതോടെ ടൂര്‍ണമെന്റിലെ അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റ് നേടി ദല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്യാപിറ്റല്‍സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മൂന്നാമതായി ഇറങ്ങിയ ജെസ് ജോനസണ്‍ ആണ്. 32 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 9 ബൗണ്ടറികളും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവച്ചത്. പുറത്താക്കാതെയാണ് താരം ടീമിനെ വിജയത്തില്‍ എത്തിച്ചത്.

ക്യാപ്റ്റന്‍ മെഗ് ലാനിങ് 3 റണ്‍സിന് കൂടാരം കയറിയതോടെ ഓപ്പണര്‍ ഷഫാലി വര്‍മ 27 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 5 ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ജമീമയും (5) അനബല്ലും (1) രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ മരിസാന്‍ 9 റണ്‍സ് നേടി ജോനസിന് കൂട്ടുനിന്നു.

ദല്‍ഹിയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ തുടക്കം മുതലേ ഗുജറാത്ത് തകര്‍ന്നു വീഴുകയായിരുന്നു. ടോപ്പ് ഓര്‍ഡറില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഹാര്‍ലീന്‍ ഡിയോള്‍ (5), ഫോയ്ബീ ലിച്ച്ഫീല്‍ഡ് (0), ആഷ്ലിങ് ഗാര്‍ണര്‍ (3), കശ്വി ഗൗതം (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണര്‍ ബെത് മൂണി 10 റണ്‍സ് നേടിയാണ് കൂടാരം കയറിയത്.

ബാര്‍ട്ടി ഫുല്‍മനിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. 29 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 40 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമേ ദീന്ദ്ര ഡോട്ടിന്‍ 24 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സ് നേടി. തനൂജ കണ്‍വാര്‍ 16 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

ദല്‍ഹിക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ശിഖ പാണ്ഡെയും മരിസാനി കാപ്പും അനബെല്‍ സതര്‍ലാന്‍ഡുമാണ്. രണ്ട് വിക്കറ്റുകള്‍ വീതമാണ് മൂവരും നേടിയത്. ടിറ്റാസ് സദു, ജെസ് ജോണ്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Delhi Capitals Won Against Gujarat Gaints In WPL

We use cookies to give you the best possible experience. Learn more