വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) യു.പി. വോറിയേഴ്‌സിനെ തകര്‍ത്ത് ദല്‍ഹി ക്യാപിറ്റല്‍സ്. വഡോദരയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിജയം. ഇതോടെ ടീമിന് നാലാം തവണയും ഡബ്ല്യു.പി.എല്ലിന്റെ എലിമിനേറ്ററില്‍ എത്താൻ സാധിച്ചു.
വോറിയേഴ്സ് ഉയര്‍ത്തിയ 123 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ദല്‍ഹി മറികടക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച് പിന്നീട് പരാജയപ്പെടുമെന്ന പ്രതീതി സൃഷ്ടിച്ചതിന് ശേഷമാണ് ദല്‍ഹി വിജയവും എലിമിനേറ്റര്‍ സ്‌പോട്ടും ഉറപ്പിച്ചത്. ഇതോടെ മുന്‍ ചാമ്പ്യന്മാരയ മുംബൈ ഇന്ത്യന്‍സും വോറിയേഴ്‌സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വോറിയേഴ്‌സിന് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ നഷ്ടമായിരുന്നു. അതോടെ ഒത്ത് ചേര്‍ന്ന ദീപ്തി ശര്‍മയും ചാര്‍ളി നോട്ടും ടീമിനെ മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌കോര്‍ 29ല്‍ നില്‍ക്കേ ചാര്‍ളി 12 റണ്‍സുമായി പുറത്തായി.
ഏറെ വൈകാതെ ദീപ്തിയും തിരികെ നടന്നു. 19 പന്തില്‍ 24 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ദല്‍ഹി വിക്കറ്റുകള്‍ വീഴ്ത്തി.
ഇതിനിടയില്‍ സിമ്രാന്‍ ഷെയ്ഖ് ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും പിടിച്ച് നിന്നു. എന്നാല്‍, സ്‌കോര്‍ ബോര്‍ഡില്‍ 76 ആയപ്പോഴേക്കും തിരികെ നടക്കേണ്ടി വന്നു. 14 പന്തില്‍ 22 റണ്‍സാണ് താരം എടുത്തത്.
അവസാന ഓവറുകളില്‍ ശിഖ പാണ്ഡെ – സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ 100 കടത്തിയത്. ശിഖ 13 പന്തില്‍ 23 റണ്‍സുമായും സോഫി 20 പന്തില്‍ പത്ത് റണ്‍സുമായി പുറത്താവാതെ നിന്നു. ഒടുവില്‍ വോറിയേഴ്സ് എട്ട് വിക്കറ്റിന് 122 റണ്‍സിലെത്തി.
ദല്‍ഹിക്കായി മാരിസന്‍ കാപ്പ് മൂന്ന് വിക്കറ്റുകളും നല്ലപുരേഡ്ഡി ചരണിയും ഷിനല്ലെ ഹെന്റിയും രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഒരു വിക്കറ്റുമായി മലയാളി താരം മിന്നു മാണി ഇവരുടെ ഒപ്പം ചേര്‍ന്നു.
മറുപടി ബാറ്റിങ്ങില്‍ ദല്‍ഹിയ്ക്ക് ആദ്യം തന്നെ ഓപ്പണറെ നഷ്ടമായി. എന്നാല്‍, ഷെഫാലി വര്‍മ – ലോറ വോള്‍വാര്‍ഡ് സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. 73 റണ്‍സ് ചേര്‍ത്ത് ഇരുവരും പിരിഞ്ഞു.
ആദ്യം ലോറ 36 പന്തില്‍ 47 റണ്‍സുമായി ആദ്യം മടങ്ങി. ഏറെ വൈകാതെ ഷെഫാലി 33 പന്തില്‍ 29 റണ്‍സെടുത്ത തിരികെ നടന്നു. പിന്നീട് ചെറിയ സ്‌കോറിന്റെ ഇടവേളയില്‍ രണ്ട് വിക്കറ്റുകള്‍ കൂടി വീണു. അതോടെ ദല്‍ഹി സമ്മര്‍ദത്തിലായി.
എന്നാല്‍, ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസ് പതറാതെ പൊരുതി ടീമിനെ വിജയിപ്പിച്ചു. 18ാം ഓവറിലെ നാലാം പന്തില്‍ താരം ഫോറടിച്ചാണ് ടീമിന് വിജയം സമ്മാനിച്ചത്. അതോടെ തങ്ങളുടെ പതനത്തിനായി കാത്തിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ദല്‍ഹി എലിമിനേറ്ററിലേക്ക് മുന്നേറി.
വോറിയേഴ്സിനായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ നേടി. കൂടാതെ, ശിഖ പാണ്ഡെ, സോഫി എക്ലെസ്റ്റോണ്‍, ഡീന്‍ഡ്ര ഡോട്ടിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Delhi Capitals sealed eliminator spot by defeating UP Warriorz in WPL 2026